Top

അശ്ലീല വീഡിയോ പ്രചരണം: ക്ഷമിക്കാന്‍ പറ്റാത്ത കാര്യമെന്ന് പത്മജ

''എതിരാളിയെ ഒരിക്കലും വ്യക്തിപരമായി ആക്ഷേപിക്കരുത്, രാഷ്ട്രീയമായി എന്തും പറയാം.''

28 May 2022 1:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അശ്ലീല വീഡിയോ പ്രചരണം: ക്ഷമിക്കാന്‍ പറ്റാത്ത കാര്യമെന്ന് പത്മജ
X

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിനെതിരെ നടക്കുന്ന വ്യാജവീഡിയോ പ്രചരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ആര് ചെയ്താലും ക്ഷമിക്കാന്‍ പറ്റാത്ത കാര്യമാണ് വീഡിയോ പ്രചരണമെന്ന് പത്മജ പറഞ്ഞു.

പത്മജയുടെ വാക്കുകള്‍: ''എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പറ്റി ഒരു വീഡിയോ കണ്ടു. അതു ആര് ചെയ്താലും ക്ഷമിക്കാന്‍ പറ്റുന്നതല്ല. അവര്‍ക്കും ഒരു കുടുംബമുണ്ട്. ഞാന്‍ ആദ്യം ഇലക്ഷന് ഇറങ്ങിയപ്പോള്‍ എന്നോട് ഒരു കാര്യമേ അച്ഛന്‍ പറഞ്ഞുള്ളു. എതിരാളിയെ ഒരിക്കലും വ്യക്തിപരമായി ആക്ഷേപിക്കരുത്, രാഷ്ട്രീയമായി എന്തും പറയാം. ഞാന്‍ ഇത് വരെ അത് പാലിച്ചിട്ടുണ്ട്. എന്തായാലും ഉമ അതിനു എതിരെ സംസാരിച്ചത് നന്നായി.''

അശ്ലീല വീഡിയോ പ്രചരണം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്തതാണെന്നും അതിനെ ശക്തമായി അപലപിക്കുന്നെന്നും എഐസിസി അംഗം സിമി റോസ്ബെല്‍ ജോണും പറഞ്ഞിരുന്നു.

സിമിയുടെ വാക്കുകള്‍: ''സ്ത്രീയെന്ന നിലയില്‍ വളരെ വേദനയോടെയാണ് സംഭവത്തെ കാണുന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാവാത്ത സംഭവമാണ്. ഏത് പാര്‍ട്ടിയുമാകട്ടേ, ഒരു സ്ഥാനാര്‍ത്ഥിക്കും ഇങ്ങനെ ഇനി സംഭവിക്കരുത്. അത്തരം വീഡിയോ ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രതിപക്ഷ നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ഷെയര്‍ ചെയ്യുന്നത് നീതികരിക്കാവുന്ന സംഭവമായി തോന്നുന്നില്ല. ഇത്തരം കാര്യങ്ങളെ പ്രോത്സഹിപ്പിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് ഇല്ല. സമൂഹത്തിന്റെ മുന്നില്‍ ഒരു കുടുംബത്തെ വേദനിപ്പിച്ച് കൊണ്ട് അപമാനിച്ച് കൊണ്ടുള്ള പ്രചരണം വച്ചുപൊറുപ്പിക്കാന്‍ പാടില്ല.''

Next Story