Top

'വധ ശിക്ഷ കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ കുറയുമെന്ന് കരുതുന്നില്ല'; ഉത്ര കേസ് വിധി സ്വാഗതം ചെയ്യുന്നുവെന്ന് സതീദേവി

വിധി മറ്റ് കുറ്റവാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് എന്നും സതീദേവി വ്യക്തമാക്കി.

13 Oct 2021 10:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധ ശിക്ഷ കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ കുറയുമെന്ന് കരുതുന്നില്ല; ഉത്ര കേസ് വിധി സ്വാഗതം ചെയ്യുന്നുവെന്ന് സതീദേവി
X

ഉത്ര കേസിലെ കോടതി വിധി സ്വാഗതാർഹമെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അമ്മ ആഗ്രഹിക്കുന്നത് സ്വാഭാവികമെന്നും മേൽകോടതിയെ സമീപിക്കാൻ അവർക്ക് സ്വതന്ത്ര്യമുണ്ടെന്നും സതീദേവി തലശേരിയിൽ പറഞ്ഞു. വധ ശിക്ഷ കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ കുറയുമെന്ന് കരുതുന്നില്ലെന്നും വിധി മറ്റ് കുറ്റവാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് എന്നും സതീദേവി വ്യക്തമാക്കി.

കേസില്‍ പ്രതി സൂരജിന് പതിനേഴ് വര്‍ഷം തടവും ഇരട്ട ജീവപര്യന്ത്യവുമാണ് കോടതി വിധിച്ചത്. ഇതിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

കേരളാ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കാതിരുന്നത് പ്രായം കണക്കിലെടുത്താണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധിയില്‍ തൃപ്തിയില്ലെന്നായിരുന്നു ഉത്രയുടെ മാതാപിതാക്കളുടെ പ്രതികരണം. അതേസമയം വിധിക്കെതിരെ ശക്തമായ പ്രതികരണമാണ് പ്രതിഭാഗം നടത്തിയത്. കോടതി വിധി ജനവികാരം കാരണമാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നതെന്നും കൊലപാതകം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസന്വേഷണത്തിന്റെ അപകാതകള്‍ ചൂണ്ടിക്കാണിച്ചാവും പ്രതിഭാഗം മേല്‍കോടതിയെ സമീപിക്കുക. പ്രൊസിക്യൂഷന്‍ ചില കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്ന വാദവും മേല്‍ കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കും.

Popular Stories

    Next Story