Top

അലനും താഹയ്ക്കും സിപിഐഎമ്മിലുള്ളപ്പോള്‍ത്തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം: പി മോഹനന്‍

കോഴിക്കോട് സൗത്ത്‌ ഏരിയാ കമ്മറ്റിയുടെ ഭാഗമായി ആയിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.

11 Nov 2021 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അലനും താഹയ്ക്കും സിപിഐഎമ്മിലുള്ളപ്പോള്‍ത്തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം: പി മോഹനന്‍
X

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ സിപിഐഎമ്മിന് നിലപാട് മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍-താഹ വിഷയത്തില്‍ കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിലുയർന്ന വിമർശനങ്ങള്‍ക്ക് മറുപടി പറഞ്ഞായിരുന്നു പ്രതികരണം. വിഷയത്തില്‍ എല്ലാ കാലത്തും പാർട്ടിക്ക് ഒരു നിലപാട് മാത്രമാണെന്നും ആ നിലപാടില്‍ തെറ്റില്ലെന്നും പി മോഹനന്‍ പറഞ്ഞു.

യുഎപിഎ വിഷയത്തില്‍ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയർന്നു. ഇതോടെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. സിപിഐഎമ്മിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെ അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരെയും പാർട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം അതായിരുന്നെന്നും പി മോഹനന്‍ കൂട്ടിച്ചേർത്തു.

വിഷയത്തില്‍ പാര്‍ട്ടി പൊലീസിന്റെ പക്ഷം മാത്രം വിശ്വസിച്ച് മുന്നോട്ടുപോയെന്നായിരുന്നു സമ്മേളനത്തിലുയർന്ന പ്രധാന വിമർശനം. ഇതിന് പാര്‍ട്ടി അന്വേഷണ കമ്മീഷനെവെച്ച് പരിശോധന നടത്തിയിരുന്നെന്നായിരുന്നു പി മോഹനന്റെ മറുപടി. കോഴിക്കോട് സൗത്ത്‌ ഏരിയാ കമ്മറ്റിയുടെ ഭാഗമായി ആയിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.

Next Story