Top

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: കെ സുരേന്ദ്രന്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

22 Nov 2021 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: കെ സുരേന്ദ്രന്‍
X

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരുകളാണ് ആവശ്യപ്പെടേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മതതീവ്രവാദ ശക്തികളെക്കുറിച്ചാണ് ഇന്ന് ചര്‍ച്ചചെയ്തത്. ഒപ്പം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പും സിബിഐയും അന്വേഷണത്തിന് സന്നദ്ധരാണെന്ന് കോടതിയെ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ അറസ്റ്റിനോട് പ്രതികരിച്ച കെ സുരേന്ദ്രന്‍ ഒരാളെ അറസ്റ്റുചെയ്തതുകൊണ്ടു മാത്രം ഒന്നും തീരില്ലെന്നാണ് പ്രതികരിച്ചത്. എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കപ്പെട്ടിരിക്കുന്ന ആയുധങ്ങള്‍, കൊലപാതകരീതി, ആസൂത്രണം എന്നിവയിലെല്ലാം വളരെ ശക്തമായ തീവ്രവാദ ആക്രമണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


Next Story