Top

ഏറ്റുമുട്ടാന്‍ ഇല്ല, സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല; ഗവര്‍ണറുടെ മറുപടി

ബാഹ്യ ഇടപെടലുണ്ടെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

12 Dec 2021 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏറ്റുമുട്ടാന്‍ ഇല്ല, സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല; ഗവര്‍ണറുടെ മറുപടി
X

സര്‍വകലാശാലകളിലെ വിസി നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും ബാഹ്യ ഇടപെടലുണ്ടെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെയാണ് ഗവര്‍ണറുടെ പ്രസ്താവന. സര്‍വകലാശാലകളിലെ വിസി നിയമനങ്ങള്‍ക്ക് രാഷ്ട്രീയ ഇടപെടലുണ്ടെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് വാര്‍ത്താസമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്‍മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നല്‍കുന്ന പരസ്യ പ്രസ്താവനകള്‍ ചാന്‍സിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്:

''ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നല്‍കുന്ന പരസ്യ പ്രസ്താവനകള്‍ ചാന്‍സിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. അത് അദ്ദേഹം മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടു പോകാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്ന നിലപാട് അദ്ദേഹത്തെപ്പോലെ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.''

''ബഹുമാനപ്പെട്ട ചാന്‍സിലര്‍ അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ചാന്‍സിലറെ അറിയിക്കുക എന്നത് ഭരണതലത്തില്‍ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്‍സിലര്‍ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണ്ണര്‍ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല.''

''ഇന്ന് മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത റെസിഡന്റ് എന്ന വിമര്‍ശനം ഗവര്‍ണ്ണര്‍ ഇഷ്ടപ്പെടുന്നില്ലായെന്നതാണ്. സര്‍ക്കാരും ഗവര്‍ണ്ണറും വളരെ നല്ല ബന്ധത്തിലും നല്ല രീതിയിലുമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്. അദ്ദേഹത്തെ ബഹുമാനിക്കാത്ത വാക്കിലോ നോക്കിലോ ഉള്ള പരാമര്‍ശം പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അത് ഉണ്ടാകുകയുമില്ല. അത് ഞങ്ങളുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല.''

''കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തു. ഇതിനെ ഗവര്‍ണ്ണര്‍ പരസ്യമായി ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ പരിമിതിമായ അധികാരമുള്ള നിയമനിര്‍മ്മാണ സഭയ്ക്ക് മേല്‍ ബ്രിട്ടീഷ് അധികാരികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇല്ലായെന്ന് പറയുക മാത്രമേ ആ സമയത്ത് ചെയ്തിട്ടുള്ളൂ. അത് ഒരു രാഷ്ട്രീയ വിമര്‍ശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണ്. ഗവര്‍ണ്ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമേ അല്ല. തുടര്‍ന്ന് ഊഷ്മളമായ ബന്ധത്തിലാണ് സര്‍ക്കാരും ഗവര്‍ണ്ണറും നീങ്ങിയിട്ടുള്ളത്.''

''എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ സര്‍ക്കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളോ അനധികൃതമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ ശ്രമിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയില്‍ നയിക്കാന്‍ നിയുക്തരാകുന്നവരാണ് വൈസ് ചാന്‍സിലര്‍മാര്‍. അവരെ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ഗവര്‍ണര്‍ തന്നെ ആ സ്ഥാനത്ത് തുടരണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നല്‍കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.''

''ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം. അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല. ഗവര്‍ണ്ണര്‍ നിയമസഭ നല്‍കിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന് കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റെയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.''

Next Story