'മര്‍ദ്ദിതര്‍ക്കൊപ്പം നില്ക്കും'; ഫാസിസത്തിന്റെ ബുള്‍ഡോസര്‍ കണ്ട് പേടിക്കില്ലെന്ന് വികെ ഫൈസല്‍ബാബു
'കട നഷ്ടപ്പെട്ടവര്‍ക്ക് ഉന്നത നീതിപീഠത്തില്‍ നിന്ന് സുരക്ഷ ഒരുക്കാനുള്ള ആലോചനയിലാണ്'
20 April 2022 11:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ഫാസിസത്തിന്റെ ബുള്‍ഡോസറുകള്‍ കണ്ട് പേടിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബു. ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിലായിരുന്നു ഫൈസല്‍ ബാബുവിന്റെ പ്രതികരണം. ഒഴിപ്പിക്കലില്‍ കട നഷ്ടപ്പെട്ടവര്‍ക്ക് ഉന്നത നീതിപീഠത്തില്‍ നിന്ന് സുരക്ഷ ഒരുക്കാനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. മര്ദ്ദിതകര്ക്കൊപ്പം നില്‍ക്കുമെന്നും ജനാധിപത്യ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തെ സി ബ്ലോക്കില്‍ ഫൈസല്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇവിടെ ജാമിഅ മസ്ജിദിന്റെ മുന്നിലുള്ള എല്ലാ കടകളും തകര്‍ത്തുകളഞ്ഞുവെന്നും ഗല്ലിയില്‍ മൊത്തം 56 കടകള്‍ തകര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. 22 പേര് അറസ്റ്റിലാണെന്നും ഇതില്‍ ആവശ്യക്കാര്‍ക്ക് നിയമസഹായം ഉറപ്പുകൊടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയാണ് തങ്ങളുടെ ദുര്‍വിധിക്ക് കാരണമെന്നും ബജ്രംഗ്ദള്ളാണ് കുഴപ്പമുണ്ടാക്കിയതെന്നും അവിടെ പരിചയപ്പെട്ട പ്രായമായ സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വികെ ഫൈസല്‍ബാബുവിന്റെ വാക്കുകള്‍:
അര്‍ദ്ധ രാത്രിയാണ്, എന്നാലും പറയട്ടെ..
ബുള്‍ഡോസറിന്റെ പല്ലുകള്‍ പിഴുതെറിഞ്ഞ ജഹാംഗീര്‍ പുരിയിലെ കാണാകാഴ്ചകളുടെ പിന്നാമ്പുറത്ത് ഭയപ്പാടില്‍ കഴിയുന്ന മനുഷ്യരെ തേടിയാണ് സംഘര്‍ഷ സ്ഥലത്ത് എത്തിയത്. മുസ്ലിങ്ങള്‍ അധിവസിക്കുന്ന സി ബ്ലോക്കില്‍ മൂടിയിട്ടിരുന്ന കലാപത്തിന്റെ നേര്‍കാഴ്ച ലോകത്തെ അറിയിക്കണം, അധികൃതരോട് സംസാരിക്കണം, നഷ്ടം സംഭവിച്ചുവരുടെ കേസുകള്‍ ഏറ്റെടുക്കണം ഇതൊക്കെയായിരുന്നു പദ്ധതി.
ഞങ്ങളാലാകും വിധം ഈ പ്രയത്നങ്ങള്‍ നടത്തിയെന്ന ഉറപ്പിലാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ, സ്ഥിതിഗതികള്‍ സമാധാന അന്തരിക്ഷത്തിലേക്ക് മടങ്ങും വരെ അവിടെ ചിലവിട്ടത്. കുറെ ഉമ്മമാര് ഞങ്ങളുടെ മുന്നില്‍ വിലപിക്കുന്നു, പൊട്ടിത്തെറിക്കുന്നു, സങ്കടപ്പെടുന്നു. കടപുഴകിയ സ്വന്തം ജീവിതത്തിന്റെ വിധിയോര്‍ത്ത് അവര്‍ ശപിക്കുന്നു. അതിനിടയില്‍ ഒരുമ്മയോട് പേര് ചോദിച്ചു:
'മേരാ നാം കുച്ച് ബി ഹോഗ, ലേക്കിന് മെയ് അക്കെലി ഹൂ... ഹംകൊ ഡാര് നഹി ഹേയ്'
''എന്റെ പേര് എന്തായാലെന്താ? ഞാന്‍ ഇവിടെ ഒറ്റക്കാണ്. എനിക്ക് മരിക്കാന്‍ പേടിയില്ല.'
മധ്യവയസ്കയായ ഉമ്മ വികാരവിക്ഷോഭത്തോടെ സംസാരം തുടര്‍ന്നു: എത്ര പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചു; ഇന്ദിര, രാജീവ്, റാവു, മന്മോഹന്. ഇവരൊന്നും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ല.
ഈ മോദിയുണ്ടല്ലോ, അയാളാണ് ഞങ്ങളുടെ ദുര്‍വിധിക്ക് കാരണം. ബജ്രംഗ്ദള് ഉണ്ടാക്കിയ കുഴപ്പമാണിത്.
ഞങ്ങള്‍ ഹിന്ദുക്കളുമായി ഒരു പ്രശ്നവുമില്ല. അവരുടെ ആഘോഷങ്ങള്‍ക്ക് ഞങ്ങള്‍ സന്തോഷിക്കും. ഞങ്ങളുടെ ആഘോഷങ്ങള്‍ക്ക് അവരും സന്തോഷിക്കും.
ആയുധമേന്തി പുറമെ നിന്ന് വന്നവരാണ് പ്രശ്നക്കാര്‍. ഇഫ്താറിന്റെ നേരം ഒച്ചയുണ്ടാക്കി (ഡിജെ) ബോധപൂര്‍വ്വം അവര്‍ പ്രശ്നമുണ്ടാക്കി. പൊലീസ് എല്ലാം നോക്കി നിന്നു.' ഉമ്മ പിന്നെയും പറഞ്ഞ് കൊണ്ടേയിരുന്നു.
ജാമിഅ മസ്ജിദിന്റെ മുമ്പിലെ എല്ലാ കടകളും പറിച്ചെടുത്തു. കിട്ടിയ വിവരം വെച്ച് ഗല്ലിയില്‍ മൊത്തം 56 ഷോപ്പുകള്‍ തകര്‍ത്തിട്ടുണ്ട്. 22 പേര് അറസ്റ്റിലാണ്. ആവശ്യക്കാര്‍ക്ക് നിയമസഹായം തരാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്.
പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളും ഇന്റര്‍നെറ്റ് ബന്ധങ്ങളും നിര്‍ത്താലക്കി. ജനജീവിതം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുത്തേക്കും.
ഒന്‍പത് ബുള്‍ഡോസറുകളാണ് മുനിസിപ്പല്‍ കോര്പറേഷന് പൊളിച്ചു നീക്കാനായി ഇറക്കിയത്.
1500ഓളം പൊലീസും സെക്യൂരിറ്റി സൈന്യങ്ങളും പ്രദേശത്തു വിന്യസിച്ചു.
ഗല്ലിയിലെ വ്യത്യസ്ഥ ആളുകളുമായി സംസാരിച്ചാണ് നാം വിവരങ്ങള്‍ ശേഖരിച്ചത്.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, എക്സിക്യൂട്ടീവംഗം ഷിബു മീരാന്‍, എംഎസ്എഫ് ഡല്‍ഹി ഘടകത്തിലെ റാഫി, നസീഫ് പിന്നെ ഞാനും അടങ്ങുന്ന സംഘമായിരുന്നു ഡെലിഗേഷന്.
മാധ്യപ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. നുഴഞ്ഞ് കയറിയത് കാരണം പൊലീസ് ഞങ്ങളെ നോട്ടമിട്ടിരുന്നു.
പൊലീസ് അധികാരികള്‍ കാര്യങ്ങള്‍ പൂര്ണനിയന്ത്രണത്തിലാണെന്നാന്ന് പറഞ്ഞത്. കമ്മീഷണര്‍ മാന്യമായി സംസാരിച്ചു.
ജോലി തീര്‍ന്നിട്ടില്ല. കട നഷ്ടപ്പെട്ടവര്‍ക്ക് ഉന്നത നീതിപീഠത്തില്‍ നിന്ന് സുരക്ഷ ഒരുക്കാനുള്ള ആലോചനയിലാണ് നാം. ഫാസിസത്തിന്റെ ബുള്‍ഡോസറുകള്‍ കണ്ട് പേടിക്കില്ല; മര്‍ദ്ദിതര്‍ക്കൊപ്പം നില്ക്കും.! ജനാധിപത്യ പ്രതിരോധം തീര്‍ക്കും.!
STORY HIGHLIGHTS: Muslim Youth League delegation visits Jahangirpuri in leadership of general secretary VK Fyzal Babu