സിപിഐഎം ശ്രമം ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നില നിര്‍ത്താന്‍; കോടിയേരിക്ക് പിഎംഎ സലാമിന്റെ മറുപടി
രാഷ്ട്രീയ ആവശ്യത്തിന് പള്ളികളെ വേദിയാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല
17 Dec 2021 6:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വര്‍ഗീയത ഇല്ലാതാക്കനും സമാധാനത്തിനുമാണ് ലീഗ് എല്ലാ കാലത്തും ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വഖഫ് സംരക്ഷണ റാലി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലീഗ് നിലപാടിനെ കടന്നാക്രമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന് മറുപടി പറയുകയായിരുന്നു പിഎംഎ സലാം. വഖഫ് വിഷയത്തിലെ നിലപാടില്‍ വര്‍ഗീയത ആരോപിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത് എന്നും ലീഗ് നേതാവ് കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ കാലിക പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഐഎം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ ശ്രമിക്കുന്നത്. ലീഗിന് എതിരായ വിമര്‍ശനങ്ങള്‍ അതിന്റെ ഭാഗമാണ്. മുസ്ലിം ലീഗിനെ കേരളീയ സമൂഹത്തിനു പരിചിതമാണ്. സമൂഹത്തിലെ വര്‍ഗീയത ഇല്ലാതാക്കനും സമാധാനത്തിനുമാണ് ലീഗ് എല്ലാ കാലത്തും ശ്രമിച്ചത്. വ്യാജ ആരോപണങ്ങള്‍ കൊണ്ട് മുസ്ലിം ലീഗിന്റെ മതേതര മുഖം തകര്‍ക്കാനാകില്ല. ജനങളെ ഭിന്നിപ്പിച്ച് അധികാരം നില നിര്‍ത്താനാണ് സിപിഐഎം ശ്രമമിക്കുന്നത്. മുസ്ലീം സമുദായത്തെ അപരവല്‍ക്കരിക്കാനാണ് സിപിഐഎം ശ്രമം. കേന്ദ്രത്തില്‍ മോദി നടത്തുന്ന ഭിന്നിപ്പിക്കുന്ന നീക്കങ്ങളെ പതിന്മടങ് ശക്തിയോടെ സിപിഐഎം കേരളത്തില്‍ നടപ്പാക്കുകയാണ് എന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.
രാഷ്ട്രീയ ആവശ്യത്തിന് പള്ളികളെ വേദിയാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല. വഖഫ് വിഷയത്തില്‍ പള്ളികളില്‍ ബോധവല്‍ക്കരണം നടത്താനായിരുന്നു തീരുമാനം. പള്ളികള്‍ പ്രതിഷേധ വേദിയാക്കാന്‍ ആഹ്വാനം നല്കി എന്നത് തെറ്റായ പ്രചാരണമാണെന്നും പിഎംഎ സലാം അവകാശപ്പെട്ടു.
കേരളത്തിലെ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കുന്നത് വിപത്തിന്റെ വഴിയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുറ്റപ്പെടുത്തല്‍. മുസ്ലീം ലീഗില്‍ ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ആവേശിച്ചിരിക്കുകയാണ്. മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണമാണ് കേരളത്തിലുള്ളത് എന്നതിനാലാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തതെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു.