Top

മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയിലെത്തി; രണ്ടാം മുന്നറിയിപ്പ് നൽകി

28 Oct 2021 2:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയിലെത്തി; രണ്ടാം മുന്നറിയിപ്പ് നൽകി
X

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് മുല്ലപ്പെരിയാർ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകീട്ട് ശക്തമായ മഴ പെയ്തിരുന്നു. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്ന് വിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിലാണ് എത്തുക.

ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മഴ ശക്തമായാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി റവന്യൂ മന്ത്രി കെ. രാജനും മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള്ള യോഗത്തിനു ശേഷം ഇരുവരും ഒരുമിച്ചു മാധ്യമങ്ങളെ കാണുകയായിരുന്നു.

മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ മറുപടി

മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മറുപടി. രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളും താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കുന്നതായി എം കെ സ്റ്റാലിന്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അണക്കെട്ടിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ വിവരങ്ങള്‍ യഥാസാമയം കേരളത്തിലെ ഉദ്യോഗസ്ഥർക്കും തമിഴ്നാട് കെെമാറും. ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്സ് ആക്കിയിട്ടുണ്ട്. സുപ്രിംകോടതി നിർദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് നിലവില്‍ മുല്ലപ്പെരിയാറില്‍ നിലനിർത്തിയിട്ടുള്ളതെന്നും എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറയുന്നു.


Next Story