Top

'നമുക്കാര്‍ക്കും മനഃസാക്ഷിയില്ലേ?'; അതിജീവിതയുടെ രോദനം ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് മുല്ലപ്പള്ളി

''യുവാക്കളും യുവതികളും നന്മ വറ്റിയിട്ടില്ലാത്ത സകല മനുഷ്യരും അതിജീവിതയുടെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം.''

16 April 2022 11:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമുക്കാര്‍ക്കും മനഃസാക്ഷിയില്ലേ?; അതിജീവിതയുടെ രോദനം ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് മുല്ലപ്പള്ളി
X

നടിയെ ആക്രമിച്ച സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അതിജീവിതയ്ക്ക് നീതി ലഭിക്കാത്തത് പൊതുബോധത്തിന് നേരെ ഉയരുന്ന അസ്ത്രം പോലെയുള്ള ചോദ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റകൃത്യത്തിന് കാരണക്കാര്‍ ആരായാലും അവരെ സഹായിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും മുഖംമൂടികള്‍ വലിച്ചു കീറി അതിജീവിതക്ക് നീതി ഉറപ്പാക്കിയേ മതിയാവൂയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നില്‍ക്കേണ്ടതെന്നും നന്മയുള്ള മനുഷ്യര്‍ അതിജീവിതയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്: കേരളത്തിലെ പ്രശസ്തയായ യുവ നടിയെ ഒരു വാടക ഗുണ്ടയെ ഉപയോഗിച്ച് നിഷ്ഠൂരമായി മാനഭംഗപ്പെടുത്തിയ സംഭവം ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. കേരള മന:സാക്ഷിയെ ഞെട്ടിപ്പിച്ച ഈ പൈശാചിക കൃത്യം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അതിജീവിതയ്ക്കു നീതി ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ലെന്നത് നമ്മുടെ പൊതുബോധത്തിന് നേരെ ഉയരുന്ന അസ്ത്രം പോലെയുള്ള ചോദ്യമാണ്.

അത്യന്തം ഹീനമായ ഈ കുറ്റകൃത്യത്തിന് കാരണക്കാര്‍ ആരായാലും അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവര്‍ എത്ര ഉന്നത സ്ഥാനീയരായാലും അവരുടെ മുഖം മൂടികള്‍ വലിച്ചു കീറി അതിജീവിതക്ക് നീതി ഉറപ്പാക്കിയേ മതിയാവൂ. പണവും സ്വാധീനവും അധികാരത്തിന്റെ അകത്തളങ്ങളിലുള്ളവരുമായി ഉറ്റ ബന്ധവുമുണ്ടെങ്കില്‍ ഈ നാട്ടില്‍ എന്തും നടക്കുമെന്ന സ്ഥിതി അരാജകത്വമാണ് വിളംബരം ചെയ്യുന്നത്.

ഒരു കശ്മലനെക്കൊണ്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി അനുഭവിച്ച തീവ്ര ദു:ഖത്തിന്റെ, ആത്മ സംഘര്‍ഷത്തിന്റെ, ഒറ്റപ്പെടലിന്റെ മരവിപ്പിക്കുന്ന അനുഭവങ്ങള്‍ അതിജീവിത തന്നെ സമൂഹത്തോട് തുറന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ ദീന രോദനം, ആത്മാലാപം ബധിര കര്‍ണ്ണങ്ങളില്‍ ചെന്നു പതിക്കുന്നുവെന്നത് എത്ര മാത്രം ക്രൂരമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവര്‍ക്കെല്ലാം അതിജീവിതയുടെ തേങ്ങലുകള്‍ കേള്‍ക്കാന്‍ കഴിയാതെ പോകില്ല.

നമുക്കാര്‍ക്കും മന:സാക്ഷിയില്ലെ? കേരളീയ പൊതു മനസ്സ് അതിജീവിതയുടെ കൂടെയല്ലെ നില്‍ക്കേണ്ടത്. രാഷ്ട്രീയ നേതൃത്വം, കൊടികളുടെ നിറവ്യത്യാസങ്ങളും ആശയപരമായ വൈജാത്യങ്ങളും മറന്ന്, പൊതു സമൂഹത്തിന്ന് തീരാക്കളങ്കമുണ്ടാക്കിയ ഈ സംഭവത്തില്‍ അങ്ങേയറ്റം ക്രൂരമായ നിശ്ശബ്ദത പാലിക്കുകയാണ്. നീതിയും നിയമവും നീതിന്യായ വ്യവസ്ഥയും ഉറപ്പിച്ചു നിര്‍ത്തേണ്ട രാഷ്ട്രീയ നേതൃത്വം അവലംബിക്കുന്ന ഈ നിസ്സംഗഭാവം, ഈ മൗനം സാധാരണ മനുഷ്യനില്‍ ഭീതിയും ആശങ്കയും ഉയര്‍ത്തിയിരിക്കുകയാണ്.

അധികാരി വര്‍ഗം വലിച്ചെറിയുന്ന എല്ലിന്‍ കഷ്ണങ്ങള്‍ തേടിയലയുന്ന സംസ്‌കാരിക നായകന്മാരും എഴുത്തുകാരും സമൂഹ മധ്യത്തില്‍ നഗ്‌നരായി നില്‍ക്കുകയാണ്. അവരുടെ മൂടുപടങ്ങള്‍ ഒരോന്നായി പറിച്ചുകീറപ്പെടുന്നു. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും അവകാശ സംരക്ഷണ സ്ഥാപനങ്ങളും എങ്ങോട്ട് പോയി? ലിംഗ സമത്വം, സ്തീപക്ഷ രാഷ്ട്രീയം, സ്തീ ശാക്തീകരണം ഇവ യെല്ലാം എത്ര മാത്രം അര്‍ഥ ശൂന്യമായ പദങ്ങളായിട്ടാണ് കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നത്.

അതിജീവിത പരിത്യക്തയാണോ? അവരുടെ കൂടെയാരുമില്ലെ? ഏകാകിയായി അവര്‍ നടത്തുന്ന പോരാട്ടവും ചെറുത്തുനില്‍പ്പും നമ്മുടെ പെണ്‍ മക്കള്‍ക്ക് വേണ്ടിയാണെന്നു എന്തു കൊണ്ട് നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു? അതിജീവിതയുടെ വിലാപം, തീവ്ര ദു:ഖം, ഏകാകിത്വം അത് മനസ്സ് കൊണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ തിരിച്ചുപോക്ക് ഇരുണ്ട കാലഘട്ടത്തിലേക്കാണ്. നവോത്ഥാനത്തെക്കുറിച്ചും പുരോഗമനാശയങ്ങളെ ക്കുറിച്ചുമുള്ള നമ്മുടെ പ്രഭാഷണങ്ങളെല്ലാം നിരര്‍ത്ഥകമായ വാചോടാപം മാത്രമാണ്.

യുവാക്കളും യുവതികളും നന്മ വറ്റിയിട്ടില്ലാത്ത സകല മനുഷ്യരും അതിജീവിതയുടെ പോരാട്ടത്തില്‍ ഐക്യ ധാര്‍ഢ്യം പ്രഖ്യാപിക്കണം. ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നാം നില്‌കേണ്ടത്. മന:സാക്ഷി മരിവിച്ചിട്ടില്ലാത്ത സഹോദരങ്ങളെ നമുക്കു ഒന്നിച്ചൊന്നായി വിളിച്ചു കൂവാം .... അതിജീവിത ഒറ്റക്കല്ല; അതിജീവിത അപരാജിതയാണ്.

Next Story