മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്; വനം വകുപ്പ് സെക്രട്ടറിയുടെ കത്ത് പുറത്ത്, വകുപ്പ് മേധാവിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും വിമര്‍ശനം
വിവാദ യോഗത്തിന്റെ മിനിറ്റ്സ് കിട്ടിയില്ലെന്നും യോഗത്തില്‍ മരം മുറിക്കുള്ള അനുമതി നല്ക്കാന് തീരുമാനിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു
15 Nov 2021 6:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ വനം മന്ത്രി എകെ ശശീന്ദ്രന് വനം വകുപ്പ് സെക്രട്ടറി നല്കിയ വിശദീകരണക്കുറിപ്പ് പുറത്ത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയുടെ വിശദീകരണം. വനം മേധാവിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡനുമെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്.
വിവാദ വിഷയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്തിനും റിമൈന്ററിനും മറുപടി നല്‍കിയില്ല. വനം മേധാവി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോടതി വിധിയും സര്‍ക്കാര്‍ നിര്‍ദേശവും അനുസരിച്ചുള്ള പ്രപ്പോസല്‍ നല്കാന് വകുപ്പ് സെക്രട്ടറി അവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വകുപ്പ് സെക്രട്ടറിക്കു കിട്ടിയിരുന്നില്ലെന്നും ഫയല്‍ വനം മന്ത്രിക്കു അയച്ചിട്ടില്ലെന്നുമാണ് വിശദീകരണം.
അതേസമയം സെപ്റ്റംബര്‍ 17ന് കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തില്‍ മരം മുറി ചര്‍ച്ചയായിരുന്നതായി വനംസെക്രട്ടറി സമ്മതിച്ചു. എന്നാല്‍ വിവാദ യോഗത്തിന്റെ മിനിറ്റ്സ് കിട്ടിയില്ലെന്നും യോഗത്തില്‍ മരം മുറിക്കുള്ള അനുമതി നല്ക്കാന് തീരുമാനിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.
മുല്ലപ്പെരിയാറിലെ മരം മുറി അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങള്‍ എണ്ണിപ്പറഞ്ഞ് വിവാദത്തില്‍ നടപടി നേരിട്ട ബെന്നിച്ചന് തോമസ് നേരത്തെ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരിന് നല്കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്ന് ബെന്നിച്ചന് തോമസ് സര്‍ക്കാരിന് നല്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നത്.
മരം മുറി, ഡാം സൈറ്റിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് വിളിച്ചതായി ബെന്നിച്ചന് തോമസ് പറയുന്ന മൂന്നു യോഗങ്ങള്‍. ആദ്യയോഗം: സെപ്തംബര്‍ 15 ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍. രണ്ടാം യോഗം17 ന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍. അന്തര്‍ സംസ്ഥാന സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ യോഗമായിരുന്നു ഇത്. ടി കെ ജോസ് തന്നെയായിരുന്നു ആ യോഗത്തിന്റെയും അധ്യക്ഷന്‍. ഈ യോഗത്തിലാണ് മരം മുറക്കാന്‍ അനുമതി നല്‍കാനുള്ള ധാരണ രൂപം കൊണ്ടതെന്നാണ് വിവരം.പിന്നീട് ഒക്ടോബര്‍ 26 ന് ടി കെ ജോസ് തന്നെ ഫോണില്‍ വിളിച്ചെന്നും സുപ്രിംകോടതിയിലെ വാദത്തില്‍ വനംവകുപ്പ് മരം മുറിക്കാനുള്ള അനുമതി നല്‍കാത്തതില്‍ തമിഴ്നാട് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ബെന്നിച്ചന് തോമസ് വ്യക്തമാക്കിയിരുന്നു.