ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാനാവാതെ കൃഷ്ണപ്രിയ യാത്രയായി
13 Feb 2022 2:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജന്മം നല്കിയ ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാനാവാതെ കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മൂത്തമകളായ കൃഷ്ണ പ്രിയ (24) ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം അബോധാവസ്ഥയിലായ യുവതി എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വയറ്റില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവിധ അവയവങ്ങളെ അണുബാധ ബാധിച്ചിരുന്നു. ഇതിനിടെ രണ്ട് ശസത്രക്രിയകള്‍ നടത്തി. ഗര്‍ഭപാത്രം എടുത്തു മാറ്റുന്നതുള്‍പ്പെടെയുള്ള ശാസ്ത്രക്രിയകളാണ് നടത്തിയത്. കൃഷ്ണപ്രിയയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ ധനസമാഹരണം നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം കൃഷ്ണപ്രിയ കണ്ണു തുറക്കുകയും കൈ അനക്കുകയും ചെയ്തിരുന്നു. ജീവിതത്തിലേക്ക് കൃഷ്ണപ്രിയ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഒരു വര്‍ഷം മുമ്പായിരുന്നു മൂവാറ്റുപുഴ അയവന പാലനിലക്കും പറമ്പില്‍ പ്രവീണുമായി കൃഷ്ണ പ്രിയയുടെ വിവാഹം നടന്നത്.
ജനുവരി 29 ന് മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സിസേറിയനിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി. പിറ്റെന്ന് ശ്വാസം മുട്ടല്‍ ഉണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. തുടര്‍ന്നാണ് എറണാകുളത്ത് എത്തിച്ചത്.