കീം മാർക്ക് ഏകീകരണം നടപ്പാക്കിയത് വിദഗ്ധ സമിതിയുടെ ശുപാർശ മറികടന്ന്; പകർപ്പ് റിപ്പോർട്ടറിന്

സ്റ്റാൻഡേർഡൈസേഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ പകർപ്പ് റിപ്പോർട്ടറിന് കിട്ടി

dot image

കൊച്ചി: കീം മാർക്ക് ഏകീകരണത്തിലെ വിദഗ്ധ സമിതി ശുപാർശ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിദഗ്ധ സമിതി റിപ്പോർട്ട് മറികടന്നാണ് മാർക്ക് ഏകീകരണ ഫോർമുല നടപ്പാക്കിയത്. ഇക്കൊല്ലം പുതിയ ഫോർമുല നടപ്പാക്കുന്നത് ഉചിമതല്ലെന്നായിരുന്നു വിദഗ്ധ സമിതി ശുപാർശ. വിശദമായ പഠനത്തിന് ശേഷം മാത്രമേ പുതിയ ഫോർമുല നടപ്പാക്കാവൂവെന്നും ശുപാർശയിലുണ്ട്. ഈ ശുപാർശ മറികടന്നാണ് മാർക്ക് ഏകീകരണ ഫോർമുല ഇക്കൊല്ലം നടപ്പാക്കാൻ ശ്രമിച്ചത്. സ്റ്റാൻഡേർഡൈസേഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ പകർപ്പ് റിപ്പോർട്ടറിന് കിട്ടി.

അതേസമയം, കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 76,230 വിദ്യാർഥികൾ യോഗ്യത നേടിയത്. റാങ്ക് പട്ടികയിൽ വലിയ മാറ്റമാണുള്ളത്. കേരള സിലബസുകാർ പിന്നിൽ പോയി. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ജോൺ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയിൽ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ് രണ്ടാം റാങ്ക്.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോർമുല തുടരും. പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കേരളത്തിലെ എൻജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പ്രോസ്‌പെക്ടസിൽ സർക്കാർ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്. ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മീഷണർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോറും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കും 50:50 എന്ന അനുപാതത്തിലെടുത്താണ് കീം റാങ്ക് നിശ്ചയിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി മാര്‍ക്കുകള്‍ 1:1:1 അനുപാതത്തില്‍ കണക്കാക്കുമെന്നാണ് ഫെബ്രുവരിയിലെ പ്രോസ്‌പെക്ടസില്‍ അറിയിച്ചിരുന്നത്. 2011 മുതല്‍ പിന്തുടര്‍ന്നിരുന്ന മാനദണ്ഡമായിരുന്നു ഇത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ഭേദഗതിയിലൂടെ ഈ അനുപാതം 5:3:2 എന്നാക്കി. വിവിധ ബോര്‍ഡുകളില്‍ പഠിച്ചവരുടെ മാര്‍ക്കുകള്‍ ഏകീകരിക്കുന്നതിലുള്ള ഫോര്‍മുലയിലും മാറ്റം വരുത്തി. ഈ മാറ്റങ്ങള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലവും സിബിഎസ്ഇ, ഐഎസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലവുമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ മാറ്റത്തെ അനുകൂലിച്ച് കക്ഷി ചേര്‍ന്നെങ്കിലും അവരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

Content Highlights: keam exam updates

dot image
To advertise here,contact us
dot image