Top

'കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകം'; ധീരജ് വധത്തില്‍ എംഎം മണി

കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

10 Jan 2022 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകം; ധീരജ് വധത്തില്‍ എംഎം മണി
X

ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്നത് ആസൂത്രിതമായാണെന്ന് എംഎം മണി എംഎല്‍എ. കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് നടന്നത്. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘര്‍ഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം മണി മാധ്യമങ്ങളോട് പറഞ്ഞു.

കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസും വ്യക്തമാക്കി. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ധീരജിനെ കുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ധീരജിനെ കുത്തി കൊന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് ദൃക്‌സാക്ഷിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സത്യനും പറഞ്ഞു. കുത്തേറ്റ് വീണ ധീരജിനെ ആശുപത്രിയില്‍ എത്തിച്ചത് സത്യന്റെ വാഹനത്തിലാണ്. ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് സത്യന്റെ പ്രതികരണം.

ഇന്ന് കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായത്. ഇതിനിടയാണ് കണ്ണൂര്‍ സ്വദേശിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുത്തേറ്റ അഭിജിത് ടി സുനില്‍, അമല്‍ എ എസ് എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്.


Next Story