Top

'മുതലാളിയുടെ പോക്കറ്റിലിരിക്കുന്ന സാധനമാണ് ട്വന്റി 20'; ഡല്‍ഹിയിലേയും പഞ്ചാബിലേയും വിവരക്കേട് കേരളത്തില്‍ നടക്കില്ലെന്ന് എം എം മണി

16 May 2022 3:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുതലാളിയുടെ പോക്കറ്റിലിരിക്കുന്ന സാധനമാണ് ട്വന്റി 20; ഡല്‍ഹിയിലേയും പഞ്ചാബിലേയും വിവരക്കേട് കേരളത്തില്‍ നടക്കില്ലെന്ന് എം എം മണി
X

തൃക്കാക്കര: കേരളത്തില്‍ നാലാമതൊരു മുന്നണിക്ക് സാധ്യതയില്ലെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി. കൂണ്‍ മുളച്ച് വരുന്നത് പോലെ പണ്ടും പാര്‍ട്ടികള്‍ വന്നിട്ടുണ്ട് എം എം മണി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഒരു മുതലാളിയുടെ പോക്കറ്റിലിരിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി 20. ഡല്‍ഹിയിലെയും പഞ്ചാബിലേയും വിവരക്കേട് ഇവിടെ നടക്കില്ലെന്നും നീതി ബോധത്തോടെ നിലപാടെടുത്ത് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ ജയിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലും ഇന്ത്യയിലും ബദല്‍ കൊണ്ടുവരണമെങ്കില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും ഇടതുപക്ഷത്തെ ഒഴിവാക്കി മാറ്റം കൊണ്ടുവാരന്‍ സാധിക്കില്ലെന്നും എംഎം മണി പറഞ്ഞു.

''ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലഘട്ടത്തിലും നിരവധി പാര്‍ട്ടികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ജനതാ പാര്‍ട്ടി, ചൗധരി ചരണ്‍ സിങ്ങിന്റെയും വി പി സിങ്ങിന്റെയും നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികള്‍ വന്നു. എന്നാല്‍ പിന്നീട് അവയെല്ലാം ദുര്‍ബലപ്പെടുകയാണുണ്ടായത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ പ്രക്ഷോഭങ്ങളിലും സജീവമായി തന്നെയുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടി പങ്കുള്ള ബദലാണ് ഉയര്‍ന്നു വരേണ്ടത്'' എം എം മണി പറഞ്ഞു.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി നിന്നിട്ടില്ല. കോണ്‍ഗ്രസിന്റെ നേത്യത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒന്നും ആ സഖ്യത്തിന് ചെയ്യാനാകില്ലെന്നും പാര്‍ട്ടിയുടെ നയങ്ങളോട് ഒത്തുപേകാന്‍ സാധിക്കില്ലെന്നും മനസ്സിലായതുകൊണ്ട് പിന്‍മാറിയെന്ന് എം എം മണി പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് നരേന്ദ്ര മോദി നോക്കുന്നത്. ഇന്ത്യോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലീംങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എല്ലാ മതക്കാരും ഉള്ള ഇന്ത്യയില്‍ ഏകസ്വരത സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ഭ്രാന്തന്‍ ആശങ്ങള്‍ അവര്‍ ചെയ്യാന്‍ മടിക്കില്ല. കാരണം ഗാന്ധിയെ കൊന്നവരാണവരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല എന്നുമാത്രമല്ല ഗാന്ധി കൊന്ന ആളുടെ പ്രതിമ വയ്ക്കുന്നത് വരെ കാര്യങ്ങള്‍ എത്തിച്ചെന്നും എംഎം മണി ആരോപിച്ചു. ഗാന്ധിയുടെ ആശയങ്ങളോട് പൂര്‍ണമായും യോജിക്കാനാകില്ലെന്നും എന്നാല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ അദ്ദേഹം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും അമ്മയും മക്കളും 60 വര്‍ഷം ഭരിച്ച് എങ്ങും എത്താത്ത രീതിയാണ് ഇന്ത്യയില്‍ ഉണ്ടായതെന്ന് എം എം മണി അഭിപ്രായപ്പെട്ടു.

STORY HIGHLIGHTS: Former minister and MLA MM Mani has said that there is no possibility of a fourth front in Kerala

Next Story