Top

വാക്ക് പാലിച്ചു, മന്ത്രി അപ്പൂപ്പന്‍ എത്തി; മീനാക്ഷിക്കും കൂട്ടുകാർക്കുമൊപ്പം ഓണ സദ്യ കഴിച്ച് ശിവൻകുട്ടി

2 Sep 2022 11:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്ക് പാലിച്ചു, മന്ത്രി അപ്പൂപ്പന്‍ എത്തി; മീനാക്ഷിക്കും കൂട്ടുകാർക്കുമൊപ്പം ഓണ സദ്യ കഴിച്ച് ശിവൻകുട്ടി
X

തിരുവനന്തപുരം: മുള്ളറംകോട് ഗവൺമെന്റ് എല്‍പിഎസിലെ രണ്ടാം ക്ലാസുകാര്‍ക്ക് കൊടുത്ത വാക്ക് പാലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തങ്ങളോടൊപ്പം ഓണസദ്യ കഴിക്കാന്‍ 'മന്ത്രി അപ്പൂപ്പന്‍' വരുമോ എന്ന് രണ്ടാം ക്ലാസിലെ 85 കുട്ടികൾക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ഥിനി എഴുതിയ കത്താണ് മന്ത്രിയെ മുള്ളറംകോട് എല്‍പി സ്‌കൂളിൽ എത്തിച്ചത്.

സ്കൂളിലെത്തിയ മന്ത്രിയുടെ അടുത്തേക്ക് കുട്ടികൾ ഓടിയെത്തി. വിദ്യാർത്ഥികൾക്കായി കത്തെഴുതിയ മീനാക്ഷി മന്ത്രിയോട് ചേര്‍ന്നുനിന്നു. മന്ത്രിക്ക് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. സ്കൂളിലെ ഒരു വിദ്യാർത്ഥി വരച്ച മന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു, മധുരം നൽകി. പിന്നീട് വിഭവസമ്യദ്ധമായ ഓണസദ്യ മന്ത്രി കുട്ടികളോടൊപ്പം ഇരുന്ന് കഴിച്ചു. ഒടുവിൽ തങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്ന ആവശ്യവും കുട്ടികൾ മന്ത്രിയെ അറിയിച്ചു. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി.

പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്നു തുടങ്ങുന്ന കത്ത് മന്ത്രി തന്റെ ഫേസ്ബുക്ര് പേജിൽ ഷെയർ ചെയ്തിരുന്നു. ഇത് വെെറലായിരുന്നു. വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു. 'കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും. നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍...എന്ന് സ്വന്തം, മന്ത്രി അപ്പൂപ്പന്‍, എന്നായിരുന്നു മന്ത്രിയുടെ മറുപടി കുറിപ്പ്.

STORY HIGHLIGHTS: minister v sivankutty celebrates onam with LP school students

Next Story

Popular Stories