ഹയർ സെക്കന്ററി മൂല്യനിർണയ വിവാദം; വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി
പരീക്ഷാ ഫലം കൃത്യസമയത്ത് പ്രഖ്യാപിക്കേണ്ടതിനാൽ നിയോഗിക്കപ്പെട്ട അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ കർശനമായി പങ്കെടുക്കണമെന്നും നിർദേശമുണ്ട്
28 April 2022 3:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്ററി മൂല്യനിർണയ വിവാദത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ചോദ്യകർത്താവ് തന്നെ തയ്യാറാക്കിയ, ഹയർ സെക്കന്ററി ബോർഡ് ചെയർമാൻ അംഗീകാരം നൽകിയ ഉത്തര സൂചികയാണ് മൂല്യനിർണയത്തിന് ഉപയോഗിക്കുന്നത്. ചോദ്യകർത്താവിന്റെ ഉത്തര സൂചികയിലെ പിഴവ് പരിശോധിക്കാൻ നിയോഗിച്ച അധ്യാപക സമിതി ഉത്തര സൂചിക തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ ഇത് അനർഹമായി മാർക്ക് നൽകുന്നതാണെന്ന് കണ്ടെത്തിയെന്നും ഇത് തയ്യാറാക്കിയ 12 അധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്നും പൊതുവിദ്യഭ്യാസ ഡയറക്ടർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പരീക്ഷാ ഫലം കൃത്യസമയത്ത് പ്രഖ്യാപിക്കേണ്ടതിനാൽ നിയോഗിക്കപ്പെട്ട അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ കർശനമായി പങ്കെടുക്കണമെന്നും നിർദേശമുണ്ട്.
കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയത്തിനായി നൽകിയ ഉത്തരസൂചികയിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി എയ്ഡഡ് ഹയർ സെക്കന്ററി അധ്യാപക സംഘടന രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. കെമസ്ട്രി പരീക്ഷയുടെ ഉത്തര സൂചികയിൽ പിഴവ് ആരോപിച്ച് ക്യാമ്പുകളിൽ അധ്യാപകർ പ്രതിഷേധമുയർത്തുകയും മൂല്യനിർണ്ണയം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ രസതന്ത്ര പരീക്ഷ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന വിലയിരുത്തലിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന ഉത്തര സൂചിക തയ്യാറാക്കിയിരുന്നു. എന്നാൽ ഇതിന് പകരം തയ്യാറാക്കിയ ഉത്തര സൂചികയാണ് പരീക്ഷ സെക്രട്ടറി പുതിയ മൂല്യനിർണയത്തിന് നൽകിയതെന്നുമാണ് എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചത്.
വിദ്യാർത്ഥികൾക്ക് യാതൊരു വിധത്തിലും മാർക്ക് ലഭിക്കാത്തതാണ് ഈ ഉത്തര സൂചികയെന്നും അധ്യാപകർ കുറ്റപ്പെടുത്തിയിരുന്നു. ഉത്തരസൂചികയിൽ അട്ടിമറി നടന്നെന്നും പരീക്ഷാ സെക്രട്ടറിയുടെ നടപടിയിൽ സമഗ്രമായ അന്വേഷണം വേണമെന്നും എജിഎസ്ടിഎ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പല ജില്ലകളും കെമിസ്ട്രി മൂല്യനിർണയം തടസപ്പെട്ടു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവും അധ്യാപകർക്ക് ശക്തമായ താക്കീതുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി രംഗത്തത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ചത്. ഇന്ന് രാവിലെയാണ് ഹയർ സെക്കന്ററി മൂല്യനിർണയം ആരംഭിച്ചത്. രാവിലെ ഒൻപതര മുതൽ വൈകിട്ട് നാലര വരെയാണ് മൂല്യനിർണയം.
Story highlights: memo was given to 12 teachers who prepared incorrect answer key