ജയ്സ്വാളിന് മുംബൈ ക്രിക്കറ്റിൽ തുടരാം; NOC പിൻവലിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

'അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ജയ്സ്വാൾ മുംബൈ ടീമിൽ ഉണ്ടാകും'

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളിന് മുംബൈ ക്രിക്കറ്റിൽ തുടരാം. ​ഗോവ ക്രിക്കറ്റിലേക്ക് മാറണമെന്ന ആവശ്യത്തിൽ നിന്ന് ജയ്സ്വാൾ പിന്മാറിയതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താരത്തിനുള്ള എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) പിൻവലിക്കുകയായിരുന്നു.

'ജയ്സ്വാൾ മുംബൈ ക്രിക്കറ്റിന്റെ താരമാണ്. എൻഒസി പിൻവലിക്കണമെന്നുള്ള ജയ്സ്വാളിന്റെ ആവശ്യം ഞങ്ങൾ അം​ഗീകരിച്ചിരിക്കുന്നു. അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ജയ്സ്വാൾ മുംബൈ ടീമിൽ ഉണ്ടാകും.' മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിൻക്യ നായിക് പ്രസ്താവനയിൽ അറിയിച്ചു.

ഏപ്രിൽ മാസത്തിന്റെ ആരംഭത്തിലാണ് ജയ്സ്വാൾ ​മുംബൈ ക്രിക്കറ്റ് വിട്ട് ​ഗോവയിലേക്ക് നീങ്ങാനുള്ള തീരുമാനമെടുത്തത്. ​ഗോവ ടീമിന്റെ നായകസ്ഥാനം ഉൾപ്പെടെ ജയ്സ്വാളിന് വാ​ഗ്ദാനം ചെയ്തിരുന്നു. മുതിർന്ന താരം അജിൻക്യ രഹാനെയുമായുള്ള പ്രശ്നങ്ങൾ ജയ്സ്വാൾ മുംബൈ വിടുന്നതിന് കാരണമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ ജയ്സ്വാൾ തീരുമാനം മാറ്റി. മുംബൈ ക്രിക്കറ്റിൽ തന്നെ തുടരുവാൻ അപേക്ഷയും നൽകി.

ഉത്തർപ്രദേശുകാരനായ ജയ്സ്വാൾ ചെറുപ്പത്തിൽ തന്നെ മുംബൈയിലേക്കെത്തിയതാണ്. ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയ്സ്വാൾ 10-ാം വയസിൽ ക്രിക്കറ്റിനായി മുംബൈയിലേക്ക് വണ്ടികയറി. ക്രിക്കറ്റ് മൈതാനത്തെ ടെന്റുകളിലായിരുന്നു താരത്തിന്റെ ഉറക്കം. പാനിപൂരി വിൽക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതായിരുന്നു ഏക വരുമാന മാർ​ഗം.

വീട്ടിൽ നിന്ന് തിരിച്ചുവിളിക്കുമ്പോൾ ക്രിക്കറ്റ് താരമായിട്ടെ മടങ്ങിവരൂവെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി. ക്രിക്കറ്റ് കളിക്കാൻ കഴിയുന്നുവെന്ന ഒറ്റക്കാരണത്താൽ പരിമിധികളെ ജയ്സ്വാൾ ഇഷ്ടപ്പെട്ടു. എന്നാൽ ആയിരക്കണക്കിന് വരുന്ന കുട്ടികളിൽ നിന്ന് ഒരു ക്രിക്കറ്റ് താരമാകുക ജയ്സ്വാളിന് എളുപ്പമല്ലായിരുന്നു. ജ്വാല സിങ് എന്ന പരിശീലകന്റെ ശ്രദ്ധയിൽപ്പെട്ടതാണ് ജയ്സ്വാളിന്റെ കരിയറിന്റെ വഴിത്തിരിവായത്. ജയ്സ്വാളിന് ഭക്ഷണവും താമസവും ഒപ്പം ക്രിക്കറ്റ് പരിശീലനവും ജ്വാല സിങ് വഴി ലഭിച്ചു.

മുംബൈയിലെ സ്കൂൾ ടൂർണമെന്റുകളിൽ നടത്തിയ പ്രകടനങ്ങൾ താരത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. 2018ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ജയ്സ്വാളെത്തി. മുംബൈയുടെ രഞ്ജി ടീമിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പിന്നാലെ ഇന്ത്യയുടെ ദേശീയ ടീമിലും ജയ്സ്വാൾ നിർണായക സാന്നിധ്യമായി മാറി.

Content Highlights: Jaiswal eligible to play for Mumbai after Apex Council approves withdrawal of NOC

dot image
To advertise here,contact us
dot image