Top

മറയൂരിലെ ചന്ദനമരങ്ങള്‍ക്കും വൈറസ് ബാധ; തടയാന്‍ കര്‍മ്മപദ്ധതിയുമായി വനം വകുപ്പ്

27 April 2022 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറയൂരിലെ ചന്ദനമരങ്ങള്‍ക്കും വൈറസ് ബാധ;  തടയാന്‍ കര്‍മ്മപദ്ധതിയുമായി വനം വകുപ്പ്
X

തിരുവനന്തപുരം: മറയൂരിലെ ചന്ദന മരങ്ങള്‍ക്ക് ബാധിച്ച വൈറസ് ബാധ തടയാന്‍ വിശാലമായ പദ്ധതിയുമായി വനം വകുപ്പ്. രോഗം ബാധിച്ച ചന്ദനമരങ്ങള്‍ വര്‍ക്കിംഗ് പ്ലാന്‍ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വനംവന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

മറയൂരില്‍ 2000ത്തോളം മരങ്ങളാണ് രോഗ ബാധയെ തുടര്‍ന്ന് ഉണങ്ങിയത്. മറയൂരിലെ ചന്ദനക്കാടുകളെ ബാധിച്ച 'സാന്‍ഡല്‍ വുഡ് സ്‌പൈക്ക് ഡിസീസ്' എന്ന വൈറസ് രോഗമാണ് മരങ്ങളുടെ നാശത്തിന് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് മറയൂരിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായത്. രോഗ ബാധയേറ്റ മരങ്ങള്‍ നശിപ്പിക്കുന്നതിന് ഒപ്പം കൂടുതല്‍ ചന്ദന തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിനും സംസ്ഥാനത്ത് ചന്ദനം വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.

വനംവന്യജീവി വകുപ്പുമന്ത്രി മന്ത്രി എകെ ശശീന്ദ്രന്റെ ചേമ്പറില്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചന്ദന മരങ്ങള്‍ക്ക് പിടിപെട്ട രോഗബാധ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ബാംഗ്ലൂരിലെ വുഡ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തുന്ന പഠന റിപ്പോര്‍ട്ട് ലഭ്യമായ ശേഷം കൂടുതല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

Story Highlight: Marayoor Sandalwood trees affected by virus

Next Story