Top

'ഇരട്ട എഞ്ചിന്‍ വാഗ്ദാനവുമായി ബിജെപി വരും, നമ്പരുത്'; മലയാളി വോട്ടര്‍മാരോട് മണിക് സര്‍ക്കാര്‍

8 April 2022 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരട്ട എഞ്ചിന്‍ വാഗ്ദാനവുമായി ബിജെപി വരും, നമ്പരുത്; മലയാളി വോട്ടര്‍മാരോട് മണിക് സര്‍ക്കാര്‍
X

കണ്ണൂര്‍: ബിജെപിയുടെ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് മലയാളികളോട് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. അപ്രായോഗികവും നുണയും നിറഞ്ഞ വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ നിരത്തിയാണ് ബിജെപി ത്രിപുര പിടിച്ചതെന്ന് പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. 'ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍' എന്നതായിരുന്നു 2018ല്‍ ബിജെപിയുടെ പ്രധാന പ്രയോഗം. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനൊപ്പം ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ വരണമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ കക്ഷിയുടെ ഇരട്ട എഞ്ചിന്‍ ശക്തിയിലുള്ള കുതിപ്പ് നേടാം എന്ന് വലിയ തോതില്‍ പ്രചാരണം നടത്തി. ജനങ്ങള്‍ക്ക് അതില്‍ പ്രതീക്ഷ തോന്നിയിരിക്കാം. ബിജെപിക്ക് അനുകൂലമായ ഫലം ത്രിപുരയില്‍ ഉണ്ടായത് അങ്ങനെയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ച് മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന സിപിഐഎം നേതാവിന്റെ പ്രതികരണം.

'ബിജെപിയുടെ ഇരട്ട എഞ്ചിന്‍ വാഗ്ദാനം ഒരു പൊയ് വെടി ആയിരുന്നെന്ന് ത്രിപുരയിലെ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. വര്‍ഗീയത കൊണ്ട് വോട്ട് നേടാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ജനങ്ങള്‍ക്ക് സ്വപ്‌നം വില്‍ക്കുകയാണ് ബിജെപി തന്ത്രം. അതാണ് ത്രിപുരയിലെ അനുഭവം. കേരളത്തിലും ബിജെപി ഇരട്ട എഞ്ചിന്‍ പ്രതീക്ഷയും വാഗ്ദാനങ്ങളും നല്‍കിയേക്കും. അതൊന്നും ഒരിക്കലും വിശ്വസിക്കരുതെന്ന് മാത്രമാണ് മലയാളികളോട് എനിക്ക് പറയാനുള്ളത്,' ത്രിപുരയുടെ അനുഭവത്തില്‍ നിന്നുള്ള ഉപദേശമാണിതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

സിപിഐഎമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചതിച്ചുവീഴ്ത്തിയ ശേഷം ബിജെപി പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. പ്രതിപക്ഷത്തിന് ഇടമില്ലാത്ത അവസ്ഥയാണ്. സത്യപ്രതിജ്ഞ കഴിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ ഫാസിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് ഇലക്ഷനും അട്ടിമറിക്കപ്പെട്ടു. ബൂത്ത് കൈയ്യേറ്റവും പോളിങ് ദിവസത്തെ അക്രമവും വ്യാപകമായി നടക്കുന്നു. എല്ലാം പരസ്യമായാണ് നടത്തിയത്. ബിജെപി ഭരണം വന്നതിന് ശേഷം ജനാധിപത്യവും ഭരണഘടനയും നിലവിലില്ലാത്ത അവസ്ഥയാണ്. 40ലധികം മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും സിപിഐഎം ത്രിപുരയില്‍ തിരിച്ചുവരവ് നടത്തുമെന്നതില്‍ തര്‍ക്കമില്ല. അക്രമങ്ങളെ അതിജീവിച്ച് മുന്നോട്ട് വരാനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടിയെന്നും മണിക് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

story highlight: Manik sarkar says beware of bjp's fancy offers

Next Story