Top

'റെയ്ഡും അറസ്റ്റും ഹിന്ദുക്കളുടെ രക്ഷകരെന്ന് കാണിക്കാന്‍'; ആര്‍എസ്എസിനേപ്പോലെ പിഎഫ്‌ഐയെ വര്‍ജിക്കണമെന്ന് എംഎ ബേബി

പിഎഫ്‌ഐ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍കൊണ്ട് ഇന്ത്യയില്‍ ആകെ ഉപയോഗമുള്ളത് ആര്‍എസ്എസിനാണ്.

24 Sep 2022 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റെയ്ഡും അറസ്റ്റും ഹിന്ദുക്കളുടെ രക്ഷകരെന്ന് കാണിക്കാന്‍; ആര്‍എസ്എസിനേപ്പോലെ പിഎഫ്‌ഐയെ വര്‍ജിക്കണമെന്ന് എംഎ ബേബി
X

മതസൗഹാര്‍ദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ ആര്‍എസ്എസിനെ പോലെ പോപ്പുലര്‍ ഫ്രണ്ടിനെയും വര്‍ജിക്കേണ്ടതാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പിഎഫ്‌ഐയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡും അറസ്റ്റും ഹിന്ദുക്കളുടെ രക്ഷകര്‍ തങ്ങളാണെന്ന് കാണിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നും എംഎ ബേബി വ്യക്തമാക്കി.

സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച സംഘടനയാണ് പിഎഫ്‌ഐ. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കണമെന്ന് വിശ്വസിക്കുന്ന പിഎഫ്‌ഐ ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സിപിഐഎം പ്രവര്‍ത്തകരെയാണെന്നും എംഎ ബേബി ചൂണ്ടിക്കാണിച്ചു.

ലീഗ് അടക്കമുള്ള മുസ്ലീം സംഘടനകള്‍ പിഎഫ്‌ഐയോട് രഹസ്യമായും പരസ്യമായും ചങ്ങാത്തം കൂടി. സിഎഎ വിരുദ്ധ സമരത്തിന്റെ മറവില്‍ ആര്‍എസ്എസും പിഎഫ്‌ഐയും ചേര്‍ന്നാണ് ദില്ലി കലാപം ഉണ്ടാക്കിയത്. അവിടെയും മതന്യൂനപക്ഷങ്ങളുടെ ആശ്വാസത്തിന് എത്തിയത് സിപിഐഎമ്മാണെന്ന് എംഎ ബേബി പറഞ്ഞു.

എംഎ ബേബി പറഞ്ഞത്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവര്‍ഗ്ഗീയരാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. ആര്‍ എസ് എസ് എന്ന അര്‍ദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക്, അതേ രീതിയില്‍ ഒരു മുസ്ലിം അക്രമി സംഘം ഉണ്ടാക്കി മറുപടി കൊടുക്കാന്‍ കഴിയും എന്നു കരുതുന്ന മതതീവ്രവാദികള്‍. അവര്‍ക്ക് എന്നെയും രാഷ്ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല. 2006- 2011 ലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി അവരുടെ തനിനിറം കാണിച്ചത്. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവര്‍ത്തനം ആയിരുന്നു അത്. അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റി കേരളസമൂഹത്തെ പിഎഫ്‌ഐ വെല്ലുവിളിച്ചു.

മതം മാറാന്‍ ആഗ്രഹിച്ച ഹാദിയ എന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തെയും ഏറ്റെടുത്ത് രാഷ്ട്രീയവിവാദമാക്കി വളര്‍ത്തി വലുതാക്കി കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച സംഘടനയാണിത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കണം എന്ന് വിശ്വസിക്കുന്ന ഈ സംഘടന ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സിപിഐ എം പ്രവര്‍ത്തകരെ ആണ്. പിഎഫ്‌ഐയുടെ കൊലക്കത്തിക്ക് ഏറ്റവും ഇരയായിട്ടുള്ളതും സിപിഐഎം പ്രവര്‍ത്തകരാണ്, കൌമാര സഖാവായ മഹാരാജാസിലെ അഭിമന്യു വരെ.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പൗരത്വാവകാശം പ്രശ്‌നത്തിലാക്കാന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരായ പ്രതിഷേധത്തില്‍ പിഎഫ്‌ഐയെ പങ്കെടുപ്പിക്കരുത് എന്ന് നിര്‍ബന്ധിച്ചത് സിപിഐഎം ആണ്. മുസ്ലിം ലീഗ് അടക്കമുള്ള കേരളത്തിലെ മുസ്ലിം സംഘടനകള്‍ അവരോട് രഹസ്യമായും പരസ്യമായും ചങ്ങാത്തം കൂടി. ദില്ലിയില്‍ സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ സമരത്തിന്റെ മറവില്‍ ആര്‍എസ്എസും പിഎഫ്‌ഐയും ചേര്‍ന്നാണ് ഒളിഞ്ഞും തെളിഞ്ഞും ദില്ലി കലാപം ഉണ്ടാക്കിയത്. അവിടെയും മതന്യൂനപക്ഷങ്ങളുടെ ആശ്വാസത്തിന് എത്തിയത് സിപിഐ എം ആണ്.

പി എഫ് ഐ എന്ന ഈ അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണ്. ഇവര്‍ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്. താലിബാനും ഐഎസും ഒക്കെ, ഓരോരോ ഘട്ടങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പണം മുടക്കി കൌശലപൂര്‍വ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പിഎഫ്‌ഐ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍കൊണ്ട് ഇന്ത്യയില്‍ ആകെ ഉപയോഗമുള്ളത് ആര്‍ എസ് എസിനാണ്.

പിഎഫ്‌ഐ ഇന്ത്യയിലും കേരളത്തിലും നടത്തുന്ന അക്രമത്തെ എല്ലാ ജനാധിപത്യ വാദികളും അപലപിക്കണം, തള്ളിക്കളയണം. മതസൌഹാര്‍ദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ ആര്‍ എസ്സ് എസ്സിനെ പ്പോലെ നാം വര്‍ജിക്കേണ്ടതാണ് പി എഫ് ഐയും. പിഎഫ്‌ഐയുടെ ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും മറ്റും നടത്തിയ റെയ്ഡും അവരുടെ നേതാക്കളെ അറസ്റ്റ് ചെയ്തതും മുസ്ലിം തീവ്രവാദത്തെ ഞങ്ങള്‍ അടിച്ചമര്‍ത്തുന്നു, ഹിന്ദുക്കളുടെ രക്ഷകര്‍ ഞങ്ങളാണ് എന്ന് കാണിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്.

Next Story