ലോകായുക്തയില്‍ എല്‍ഡിഎഫില്‍ പോര്; പരസ്പരം പഴിചാരി സിപിഐയും സിപിഐഎമ്മും
മന്ത്രിസഭായോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സ് രണ്ടുതവണയാണ് എത്തിയത്
30 Jan 2022 5:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകായുക്ത നിയമത്തിലെ ഭേദഗതി സംബന്ധിച്ച് മന്ത്രിസഭയില്‍ നടന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അതൃപ്തി. കാനം ഇത് സിപിഐ മന്ത്രിമാരെ അറിയിച്ചു. അടുത്ത പാര്‍ട്ടി നിര്‍വാഹക സമിതി യോഗം വിഷയം ചര്‍ച്ച ചെയ്തേക്കും. നിയമഭേദഗതി മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതിലും കാനത്തിന് എതിര്‍പ്പുണ്ട്. അദ്ദേഹം ഇക്കാര്യത്തില്‍ പരസ്യവിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഇതാദ്യമായാണ് സിപിഐഎമ്മിനെ വെട്ടിലാക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുന്നത്.
അതേസമയം സിപിഐ നിലപാടില്‍ സിപിഐഎം അതൃപ്തിയിലാണ്. വിയോജിപ്പ് അറിയിക്കേണ്ടത് മന്ത്രിസഭായോഗത്തിലായിരുന്നുവെന്ന് സിപിഐഎം തുറന്നടിച്ചു. യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ നോക്കുകുത്തികളായിരുന്നോ എന്നും ചോദ്യമുണ്ട്. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ അനവസരത്തിലുള്ള പ്രതികരണമാണ് സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സിപിഐഎം പക്ഷം. എല്ലാ വിഷയവും മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയെന്നിരിക്കില്ലെന്ന് സിപിഐഎം നേതൃത്വം പറയുന്നു.
മന്ത്രിസഭായോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സ് രണ്ടുതവണയാണ് എത്തിയത്. അന്ന് സിപിഐയുടെ നാലു മന്ത്രിമാര്‍ നോക്കുകുത്തികളായിരുന്നോ എന്നാണ് ഉയരുന്ന ചോദ്യം. വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഓഡിനന്‍സ് മാറ്റി വയ്ക്കുകയോ, സിപിഐ നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയോ ചെയ്യുമായിരുന്നു എന്നും സിപിഐഎം വ്യക്തമാക്കുന്നു. മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ അശ്രദ്ധമായിരുന്നെങ്കില്, അത് പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് സിപിഐ നേതൃത്വം മാത്രമാണെന്നും അഭിപ്രായമുണ്ട്.