തൃക്കാക്കരയില്‍ മത്സരിക്കുമോ?; ഓഫര്‍ ഇല്ലെന്ന് കെ വി തോമസ്
കെവി തോമസ് സിപിഐമ്മിലേക്ക് എത്തുകയാണെങ്കില്‍ അത് സിപിഐഎം മുന്നോട്ട് വെച്ച് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരിക്കുമെന്നാണ് നിരീക്ഷണം.
7 April 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ഓഫറും ആരും തനിക്ക് തന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ല. സിപിഐഎം സീറ്റ് തന്നാലും വേണ്ടെന്നും കെ വി തോമസ് എറണാകുളത്ത് പറഞ്ഞു.
തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കെവി തോമസ് മത്സരിക്കുമെന്നായിരുന്നു പ്രചാരണം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇതിന് തുടക്കം. പാര്‍ട്ടി നിയന്ത്രണം ലംഘിച്ച് കെവി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടി അച്ചടക്കനടപടിക്ക് സാധ്യതയുണ്ട്. അക്കാര്യം ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കുകയുമുണ്ടായി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്നായിരുന്നു കെ സുധാകരന് നല്കിയ മുന്നറിയിപ്പ്. 'പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂവെന്നും സുധാകരന് പറഞ്ഞിരുന്നു.
കെവി തോമസ് സിപിഐമ്മിലേക്ക് എത്തുകയാണെങ്കില്‍ അത് സിപിഐഎം മുന്നോട്ട് വെച്ച് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരിക്കുമെന്നാണ് നിരീക്ഷണം.
- TAGS:
- KV Thomas
- thrikkakkara
- Bypoll