Top

കെഎം ഷാജി ഗ്രൂപ്പ് സന്തോഷത്തിലാണ്; ഉന്നതാധികാര സമിതിയില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തുമ്പോള്‍

17 Sep 2022 2:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎം ഷാജി ഗ്രൂപ്പ് സന്തോഷത്തിലാണ്; ഉന്നതാധികാര സമിതിയില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തുമ്പോള്‍
X

കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തങ്ങളുടെ നേതാവായ കെഎം ഷാജിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുവെങ്കിലും അനുഭാവികള്‍ സന്തോഷത്തിലാണ്. ലീഗിനകത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് സംവിധാനം സ്ഥാപിക്കാനെടുത്ത തീരുമാനം ഷാജിയുടെയും തങ്ങളുടെയും വിമര്‍ശനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്നാണ് അവര്‍ കരുതുന്നത്.

ലീഗ് ഉന്നതാധികാര സമിതിയാണ് പ്രധാനപ്പെട്ട വിഷയങ്ങളില്‍ അവസാന തീരുമാനമെടുക്കുന്നത്. ഈ സമിതിയില്‍ ഏതാനും ചില നേതാക്കളാണുള്ളത്. ലീഗ് ഭരണഘടനയില്‍ ഇല്ലാത്ത ഈ ഉന്നതാധികാര സമിതിയെ ഉപയോഗിച്ച് പികെ കുഞ്ഞാലിക്കുട്ടി തന്റെ ഇംഗിതം നടപ്പിലാക്കുന്നു എന്ന ആരോപണം ഷാജി അനുകൂലികള്‍ ഉന്നയിക്കുന്നു. എല്‍ഡിഎഫിലേക്ക് ലീഗിനെ നയിക്കാനുള്ള ആഗ്രഹം നടപ്പിലാക്കുന്നതിന് വേണ്ടിയും ഈ സമിതിയിലെ അധികാരത്തെ ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണവും ഷാജി പക്ഷം ഉയര്‍ത്തുന്നു.

സെക്രട്ടറിയേറ്റ് സംവിധാനം വരുന്നതോടെ വിശാലമായ ചര്‍ച്ച നടക്കുകയും ഏതാനും ചില നേതാക്കളുടെ തീരുമാനം എന്ന നില മാറുകയും ചെയ്യുമെന്ന് ഷാജി അനുകൂലികള്‍ പറയുന്നു. ജനാധിപത്യ സ്വഭാവവും സംഘടന കെട്ടുറപ്പും വര്‍ധിക്കും. ഉന്നതാധികാര സമിതിയിലും തീരുമാനമാവാത്ത വിഷയങ്ങള്‍ പാണക്കാട് തങ്ങള്‍ക്ക് വിടുന്ന അവസ്ഥയും സെക്രട്ടറിയേറ്റ് വരുന്നതോടെ മാറും എന്നവര്‍ പറയുന്നു.

21 അംഗ സെക്രട്ടറിയേറ്റ് രൂപീകരിക്കാന്‍ ഇടി മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായ ഭരണഘടന ഭേദഗതി സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിക്കുന്ന കാര്യത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും എതിരഭിപ്രായമില്ല.

ഉന്നതാധികാര സമിതിയെ മാറ്റി സെക്രട്ടറിയേറ്റ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത് തങ്ങളുടെ വിജയമായിട്ടാണ് ഷാജി അനുകൂലികള്‍ കാണുന്നത്. കൂട്ടായ ചര്‍ച്ചയും തീരുമാനങ്ങളുമില്ലാതെ ഇനി മുന്നോട്ട് പോവാനാവില്ലെന്ന് അവര്‍ ചില നേതാക്കളെ ലക്ഷ്യം വച്ച് പറയുന്നുണ്ട്.

സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി ഇന്നോ നാളെയോ കൂടിക്കാഴ്ച്ച നടത്തും. ലീഗില്‍ നടക്കുന്നത് പാര്‍ട്ടി പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

പൊതുവേദികളില്‍ പരോക്ഷമായി നേതൃവിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ഷാജിയോട് വിശദീകരണം തേടാന്‍ മുസ്ലീം ലീഗ് തീരുമാനിക്കുകയായിരുന്നു. ഗള്‍ഫിലെ പരിപാടികള്‍ക്ക് ശേഷം ഇന്നലെ ഷാജി കോഴിക്കോട് തിരിച്ചെത്തി.

Story Highlights: KM Shaji's faction alleges that Kunhalikutty has been manipulating the high-power committee to suit his needs

Next Story