Top

പ്രിയ വര്‍ഗീസിന്റെ നിയമനം: വിശദീകരണവുമായി കണ്ണൂര്‍ സര്‍വ്വകലാശാല

''സ്‌കോര്‍ കൂടിയതുകൊണ്ട് മാത്രം അവര്‍ തെരഞ്ഞെടുക്കപ്പെടണമെന്നില്ല. അതിനാല്‍ തന്നെ സ്‌കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ല.''

14 Aug 2022 3:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രിയ വര്‍ഗീസിന്റെ നിയമനം: വിശദീകരണവുമായി കണ്ണൂര്‍ സര്‍വ്വകലാശാല
X

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല. ഫാക്കല്‍റ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നല്‍കിയ നിയമോപദേശമെന്ന് സര്‍വകലാശാല അറിയിച്ചു.

സ്‌കോര്‍ കൂടിയതുകൊണ്ട് മാത്രം ഒരാള്‍ തെരഞ്ഞെടുക്കപ്പെടണമെന്നില്ല. അതിനാല്‍ തന്നെ സ്‌കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ല. മറ്റു സര്‍വകലാശാലകളില്‍ നടന്നിട്ടുള്ള നിയമനങ്ങളും ഇങ്ങനെയുള്ള ഒരു വിലയിരുത്തലിന് വിധേയമാക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. അഭിമുഖത്തില്‍ അപേക്ഷാര്‍ത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും സമിതിയിലെ വിഷയ വിദഗ്ധരാല്‍ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ് എന്നിവ തെരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തര്‍ക്കും മാര്‍ക്ക് നല്‍കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

സര്‍വകലാശാല പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത് ഇങ്ങനെ:


കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട വസ്തുതകള്‍.

കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ അടക്കമുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് 22.09.2021 ലാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് ഡോ.പ്രിയ വര്‍ഗീസിന്റേതടക്കം 12 അപേക്ഷകള്‍ ലഭിച്ചു. യു.ജി.സി നിയമ പ്രകാരം രൂപീകരിച്ച സ്‌ക്രീനിംഗ്കമ്മിറ്റി, ലഭിച്ച അപേക്ഷകള്‍ പരിശോധിക്കുകയും പ്രിയ വര്‍ഗീസ് അടക്കം 6 അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ഉണ്ടായി.

യു.ജി.സി ചട്ടങ്ങള്‍ പ്രകാരം വൈസ്ചാന്‍സലറുടെ അദ്ധ്യക്ഷതയില്‍, ചാന്‍സലര്‍ നോമിനി, മൂന്ന് വിഷയ വിദഗ്ദര്‍ (മലയാളം), ഡീന്‍ (ലാംഗ്വേജ്), പഠന വകുപ്പ് മേധാവി, എസ് .സി./ എസ് .ടി വിഭാഗം പ്രധിനിധി എന്നിവരടങ്ങിയ ഒരു സെലക്ഷന്‍ കമ്മിറ്റി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുമായി 18-11-2021ന് ഓണ്‍ലൈന്‍ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി. ഡോ.പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സലിന്റെ അഭിപ്രായം തേടുകയുണ്ടായി. ഫാക്കല്‍റ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നല്‍കിയ നിയമോപദേശം.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിനായി 18-02-2022ന് വൈസ് ചാന്‍സലര്‍ യു.ജി.സി ചെയര്‍മാന് കത്തയക്കുകയുണ്ടായി. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (എഫ്.ഡി.പി) സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഡെപ്യൂട്ടേഷനില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ ഗവേഷണ കാലഘട്ടം അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാക്കാമോ എന്നതായിരുന്നു ചോദിച്ച വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ല.

ഈ സാഹചര്യത്തില്‍ 21-04-2022ന് വൈസ്ചാന്‍സലര്‍ അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച നിയമാഭിപ്രായം തേടുകയുണ്ടായി. ബഹു.അഡ്വക്കേറ്റ് ജനറല്‍, സര്‍വകലാശാല സ്റ്റാന്റിംഗ് കൌണ്‍സില്‍ നല്‍കിയ അഭിപ്രായത്തോട് യോജിക്കുകയാണ് ഉണ്ടായത്.

മേല്പറഞ്ഞ രണ്ട് നിയമോപദേശങ്ങളും സ്‌കോര്‍ ഷീറ്റ് അടക്കമുള്ള റാങ്ക് ലിസ്റ്റും 27-06-2022ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വയ്ക്കുകയും, സിണ്ടിക്കേറ്റ് പ്രസ്തുത റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ഡോ.പിയ വര്ഗീസിന്റെ അസ്സല്‍ പ്രമാണങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി. ഡോ. പ്രിയ വര്‍ഗീസിന്റെ പബ്ലിക്കേഷനുകളുടെ Similartiy Index പരിശോധന നടന്നുവരികയാണ്.

സര്‍വകലാശാല വൈസ്ചാന്‍സലര്‍ എന്ന നിലയിലും, തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയിലും യോഗ്യതയുള്ള വ്യക്തികള്‍ മാത്രമേ സര്‍വകലാശാലയില്‍ നിയമിതരാവുന്നുള്ളൂ എന്ന് ഉറപ്പുവരുത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യു.ജി.സി.നിയമത്തില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികക്ക് അപേക്ഷിക്കാന്‍, മറ്റു യോഗ്യതകള്‍ക്കൊപ്പം, 75 റിസര്‍ച് സ്‌കോര്‍ മതി. അധ്യാപക തസ്തികകളിലേക്ക് സര്‍വകലാശാല തയ്യാറാക്കിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷാര്‍ത്ഥി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പബ്ലിക്കേഷനുകളുടെ എണ്ണത്തിന് അടിസ്ഥാനമാക്കിയാണ് സോഫ്റ്റ്‌വെയര്‍ സ്‌ക്കോര്‍ കണക്കാക്കുന്നത്.

സ്‌കോര്‍ കൂടിയതുകൊണ്ട് മാത്രം അവര്‍ തെരഞ്ഞെടുക്കപ്പെടണമെന്നില്ല. അതിനാല്‍ തന്നെ സ്‌കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ല. മറ്റു സര്‍വകലാശാലകളില്‍ നടന്നിട്ടുള്ള നിയമനങ്ങളും ഇങ്ങനെയുള്ള ഒരു വിലയിരുത്തലിന് വിധേയമാക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. അഭിമുഖത്തില്‍ അപേക്ഷാര്‍ത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും സമിതിയിലെ വിഷയ വിദഗ്ധരാല്‍ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ് എന്നിവ തിരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തര്‍ക്കും മാര്‍ക്ക് നല്‍കുന്നത്.

മറ്റെല്ലാ തെരഞ്ഞെടുപ്പ്‌സമിതികളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്രം വിഷയ വിദഗ്ദര്‍ക്കാണ്. എങ്കിലും തുടന്നുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ സുതാര്യവും നിയമപരവുമായാണ് നടക്കുന്നത് എന്നുറപ്പിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ട്.

Next Story