'കൈവെട്ടും കാല്‍വെട്ടും, തല വെട്ടി ചെങ്കൊടി നാട്ടും'; പ്രകോപന മുദ്രാവാക്യവുമായി എച്ച് സലാം
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരിടത്തും പ്രതിഷേധം അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു
1 July 2022 8:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴ: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ നടന്ന സിപിഐഎം പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി എച്ച് സലാം എംഎല്‍എ. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈവെട്ടും കാല്‍വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിലെ മുദ്രാവാക്യം.
സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തി നിയമനത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്, ഇത്തരം പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരിടത്തും പ്രതിഷേധം അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രകോപനമുണ്ടാകരുതെന്നും നിര്‍ദേശമുണ്ട്. ആക്രമണം നടത്തിയ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. വിവിധ സംഘങ്ങളയി തിരിഞ്ഞാണ് അന്വേഷണം, പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ എഡിജിപി പറഞ്ഞു.
STORY HIGHLIGHTS: AKG Centre Attack H Salam MLAs Provocative Slogan
- TAGS:
- AKG center
- CPIM
- H Salam