
മുംബൈ : 16 വർഷത്തെ പിണക്കം അവസാനിപ്പിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സണ്ണി ഡിയോളും. 'ഗദർ 2' ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് വർഷങ്ങൾ നീണ്ട പിണക്കം ഇരുവരും അവസാനിപ്പിച്ച് മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വിജയാഘോഷ പരിപാടിക്കിടെ ഷാരൂഖിനെ സണ്ണി ആലിംഗനം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബോളിവുഡ് ബോക്സ് ഓഫീസിലെ ഹിറ്റ് മേക്കറാണ് 'ഗദർ 2'. ചിത്രത്തെയും സണ്ണി ഡിയോളിനെയും ഷാരൂഖ് അഭിനന്ദിച്ചിരുന്നു. കാലം മായിക്കാത്ത പിണക്കങ്ങള് ഒന്നുമില്ലെന്നാണ് ഇരുവരുടെയും ഒന്നിക്കലിനെ കുറിച്ച് സണ്ണി പ്രതികരിച്ചത്. മുംബൈയിൽ നടന്ന വിജയാഘോഷ പരിപാടിയിൽ ബോളിവുഡിൽ നിന്ന് ആമിർ ഖാൻ, കാർത്തിക് ആര്യൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടുമിക്ക പ്രമുഖ താരങ്ങളും പിന്നണി പ്രവർത്തകരും പങ്കെടുത്തിരുന്നു. അടുത്തിടെ 'ആപ് കി അദാലത്ത്' എന്ന ടെലിവിഷൻ പരിപാടിയിലാണ് സണ്ണി താനും ഷാരൂഖുമായി അരപതിറ്റാണ്ടിലേറെയായി സംസാരിച്ചിട്ടില്ലെന്ന കാര്യം വെളിപ്പെടുത്തിയത്.
1993ലാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ തുടക്കം. 'ഡർ' എന്ന ചിത്രത്തിൽ സണ്ണി ഡിയോളും ഷാരൂഖ് ഖാനും ഒന്നിച്ചെത്തി. വില്ലൻ വേഷമാണ് ഷാരൂഖിന് ലഭിച്ചത്. എന്നാൽ വില്ലനെ മഹത്വവത്കരിക്കാനാണ് സിനിമയിൽ ശ്രമിക്കുന്നത് എന്ന് സണ്ണി ഡിയോൾ ആരോപിച്ചു. സിനിമയുടെ നിർമ്മാതാവ് യാഷ് ചോപ്രയുമൊത്തുള്ള ഷാരൂഖിന്റെ ആദ്യ ചിത്രമായിരുന്നു ഡർ. യാഷുമായുള്ള തർക്കത്തെ തുടർന്ന് സണ്ണി ക്ഷുഭിതനാവുകയും വസ്ത്രം വലിച്ചു കീറുകയുമുണ്ടായി. ഇതാണ് ഷാരൂഖുമായുള്ള പിണക്കത്തിലേക്ക് നയിച്ചത്. പിണക്കം മാറിയ സ്ഥിതിക്ക് ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്തുകൂടെ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ബോക്സ് ഓഫീസിൽ ഹിറ്റ് സൃഷ്ടിച്ച് 'ഗദർ 2', 40 കോടിയാണ് ബോളിവുഡിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ 25-ാം ദിവസം ഇന്ത്യയിൽ മാത്രം 2.5 കോടിയും ഗദർ 2 കോടിയും സ്വന്തമാക്കി. മാത്രമല്ല, ഇന്ത്യയിൽ ചിത്രം നേടിയ മുഴുവൻ കളക്ഷൻ 503 കോടി രൂപയാണെന്ന് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ പഠാന്റെ എക്കാലത്തെയും റെക്കോർഡ് കളക്ഷനായ 543 കോടിയോടടുത്തിരിക്കുകയാണ് ഗദർ 2. 2001-ൽ പുറത്തിറങ്ങിയ ഗദർ വലിയ വിജയം നേടിയ സിനിമയാണ്.