Top

അറബിക്കടലില്‍ ചക്രവാത ചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴ ശക്തമാകും

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുണ്ട്.

14 Oct 2021 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറബിക്കടലില്‍ ചക്രവാത ചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം;  കേരളത്തില്‍ മഴ ശക്തമാകും
X

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാത ചുഴി ശക്തമാകുന്നതുമാണ് മഴക്ക് കാരണം. ഇന്നും നാളെയും ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. പതിനഞ്ച് ക്യാമ്പുകളാണ് കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കോഴിക്കോട് താലൂക്കിലുളള 12 ക്യാമ്പില്‍ നിന്നും കൊയിലാണ്ടിയിലെ ഒരു ക്യാമ്പില്‍ നിന്നുമാണ് ആളുകള്‍ വീട്ടിലേക്ക് മടങ്ങിയത്.

ശക്തമായ മഴ ഉണ്ടെങ്കിലും ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടെന്ന നിലപാടിലാണ് വൈദ്യുത ബോര്‍ഡ്. കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഷട്ടര്‍ തുറക്കാം എന്നാണ് കെഎസ്ഇബിയുടെ നിലവിലെ തീരുമാനം. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

Popular Stories

    Next Story