Top

'ബിഷപ്പിന്റെ പ്രസംഗം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നത്'; മലയോര ജനത തള്ളിക്കളയുമെന്ന് എം വി ജയരാജന്‍

റബ്ബറിന്റെ വില ഇടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാരുകളല്ലെന്നും ജയരാജന്‍ പറഞ്ഞു

19 March 2023 8:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഷപ്പിന്റെ പ്രസംഗം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നത്; മലയോര ജനത തള്ളിക്കളയുമെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: ആലക്കോട് നടന്ന കര്‍ഷക റാലിയില്‍ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രസംഗത്തിലെ ആശയം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നതാണെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു. റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്നും ഒരു എംപി പോലുമില്ലാത്ത ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നുമുള്ള പ്രസംഗം ന്യൂനപക്ഷ വേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപിയെ ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റബ്ബറിന്റെ വില ഇടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാരുകളല്ലെന്നും ജയരാജന്‍ പറഞ്ഞു. റബ്ബറിന് പ്രൊഡക്ഷന്‍ ഇന്‍സെന്റീവും നെല്ല് അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവിലയും നല്‍കി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷ വേട്ടക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോര ജനത അത് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'ഫെബ്രുവരി 19ന് ഡല്‍ഹിയില്‍ ജന്തര്‍മന്തിറില്‍ 79 ക്രൈസ്തവ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ ഒരു ന്യൂനപക്ഷ സംരക്ഷണ റാലി നടന്നു. സ്വാതന്ത്ര്യത്തിനുശേഷം നടന്ന സമാനസമരങ്ങളില്‍ നാലാമത്തേതാണിത് എന്ന് എടുത്തുപറയേണ്ടതാണ്. ആ റാലിയെ അഭിസംബോധന ചെയ്ത വൈദികശ്രേഷ്ഠര്‍ എടുത്ത നിലപാടിന് വിരുദ്ധമാണ് ആലക്കോട്ടെ കര്‍ഷകറാലിയിലെ ബിഷപ്പിന്റെ പ്രസംഗം. ഡല്‍ഹിയില്‍ ബിഷപ്പുമാര്‍ നടത്തിയ പ്രസംഗം ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ

ന്യൂനപക്ഷവേട്ട തുറന്നുകാട്ടുന്നതായിരുന്നു. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കന്യാസ്ത്രീകള്‍ക്കും ക്രിസ്തീയ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അക്രമങ്ങള്‍ക്കെതിരെയായിരുന്നു പ്രസംഗം', എം വി ജയരാജന്‍ പറഞ്ഞു.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ മോദി ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ 400 ശതമാനമായി വര്‍ധിച്ചു എന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ കൂടിയുണ്ടെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. 'യോഗിഭരിക്കുന്ന ഉത്തര്‍പ്രദേശിന് പുറമേ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അക്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് റേഷനും ശ്മശാന സ്ഥലവും നിഷേധിക്കപ്പെട്ട സംഭവങ്ങള്‍, പള്ളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍, ഘര്‍വാപ്പസി എന്ന പേരിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ഈ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്ന് ബിഷപ്പുമാര്‍ ലോകത്തോട് വിളിച്ചുപറയുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ സമുദായങ്ങളില്‍ നിന്നുള്ള അഞ്ച് അംഗങ്ങളില്‍ ഒരാള്‍ പോലും ക്രിസ്ത്യാനിയില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയും അവര്‍ ചൂണ്ടിക്കാട്ടുന്നു', എം വി ജയരാജന്‍ പറഞ്ഞു.

STORY HIGHLIGHTS: CPM Kannur district secretary MV Jayarajan said that the bishop's speech was unfortunate

Next Story