'എന്നും അടിയുറച്ച കമ്യുണിസ്റ്റുകാരി'; കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന പ്രചരണത്തില്‍ ബിജിമോള്‍
''അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. ''
9 Oct 2022 11:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുയെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇ എസ് ബിജിമോള്‍. രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ലെന്നും താനെന്നും അടിയുറച്ച കമ്യുണിസ്റ്റുകാരിയായിരിക്കുമെന്നും ബിജിമോള്‍ പറഞ്ഞു. ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവര്‍ത്തിക്കുന്നതിനും എന്നും സിപിഐക്കൊപ്പമെന്നും ബിജിമോള്‍ വ്യക്തമാക്കി.
ബിജിമോള്‍ പറഞ്ഞത്: ഇരുപത്തിരണ്ടാം വയസില്‍ സിപിഐ മെമ്പര്‍ഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഞാന്‍ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും ഞാന്‍ അനുഭവിച്ചറിഞ്ഞത്. അവര്‍ നല്കിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനും ജനകീയ പ്രശ്നങ്ങളില്‍ പ്രതികരിക്കാനും കരുത്ത് നല്‍കിയത്.
ഇത്രയും ഇപ്പോള്‍ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മറ്റു പാര്‍ട്ടിയിലേക്ക് പോയി എന്ന തരത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തുന്നതായി സിപിഐയുടെ സഖാക്കള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ യാതൊരു വിധ വസ്തുതയുമില്ല. സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല.
എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാന്‍. അതിലുപരി രാഷ്ട്രീയപ്രവര്‍ത്തകയായിരിക്കുന്നടത്തോളം കാലം ഞാന്‍ സിപിഐയുടെ പ്രവര്‍ത്തകയായിരിക്കും. അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്‍ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നല്കിയ, ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവര്‍ നല്കിയ പിന്തുണയാണ് എന്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവര്‍ത്തിക്കുന്നതിനും എന്നും സി പി ഐക്ക് ഒപ്പം .
- TAGS:
- CPI
- ES Bijimol
- Kerala
- Fake News