'ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കെവി തോമസ് കരാറുണ്ടാക്കി'; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്
പാലസ് മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ചതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
14 May 2022 9:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെവി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കിയിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2003ൽ ടൂറിസം മന്ത്രിയായിരുന്ന സമയത്താണ് പാലസ് മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ചതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
താൻ കെടിഡിസി ചെയർമാനായിരുന്നപ്പോൾ സ്വന്തം നിലക്കാണ് മറിന പദ്ധതി നടപ്പാക്കിയത്. മലേഷ്യൻ കമ്പനിക്ക് വിൽക്കാനുളള പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ കേരള സർക്കാരിന് ബോൾഗാട്ടി പാലസ് നഷ്ടപ്പെടുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കെപിസിസി ചൂണ്ടിക്കാട്ടിയിരുന്നു. കെപിസിസി നേതൃത്വവുമായി ഇടഞ്ഞ കെവി തോമസ് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതാണ് പുറത്താക്കലിന് ആക്കം കൂട്ടിയത്. എഐസിസി അനുമതിയോടെയാണ് കെവി തോമസിനെ പാർട്ടിയിൽ നിന്ന് കെപിസിസി പുറത്താക്കിയത്. പുറത്താക്കുന്നതിന് ഇനി കാത്തിരിക്കാനാവില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിയതോടെ തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.
STORY HIGHLIGHTS: Cheriyan Philip with Allegations Against KV Thomas