Top

'സൈബര്‍ പൊലീസിന് പരാതി കൊടുത്തു'; കഞ്ചാവ് നടുന്ന വ്യാജ ചിത്രം ഇപ്പോഴാണ് കണ്ടതെന്ന് ബിനീഷ് കോടിയേരി

സൈബര്‍ സെല്ലിന് കൊടുത്ത പരാതിയിന്മേല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ ഇടുമെന്നാണ് അറിയിച്ചതെന്ന് ബിനീഷ് പ്രതികരിച്ചു

31 May 2022 11:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൈബര്‍ പൊലീസിന് പരാതി കൊടുത്തു; കഞ്ചാവ് നടുന്ന വ്യാജ ചിത്രം ഇപ്പോഴാണ് കണ്ടതെന്ന് ബിനീഷ് കോടിയേരി
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് തന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെതിരെ സൈബര്‍ പൊലീസിന് പരാതി കൊടുത്തതായി ബിനീഷ് കോടിയേരി. ഇപ്പോള്‍ പേജ് പരിശോധിച്ചപ്പോഴാണ് ചിത്രം ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനെത്തുടര്‍ന്നാണ് കേസ് കൊടുത്തതെന്നും ബിനീഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സൈബര്‍ സെല്ലിന് കൊടുത്ത പരാതിയിന്മേല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ ഇടുമെന്നാണ് അറിയിച്ചതെന്ന് ബിനീഷ് പ്രതികരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് നേരത്തേയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിലാണ് ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും പുറത്ത് വന്നത്. മെയ് നാലിനാണ് അബ്ദുള്‍ ലത്തീഫ് ബിനീഷിനെതിരായ വ്യാജ ചിത്രം പങ്കുവെച്ചത്.

'മദ്യത്തിന് വീണ്ടും വില കൂടുന്നത് പാവപ്പെട്ട കഞ്ചാവ് കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയല്ല എന്ന് പറയാന്‍ പറഞ്ഞു', എന്ന ക്യാപ്ഷനോടെയാണ് ചിത്രം. പ്രത്യക്ഷത്തില്‍ തന്നെ ചിത്രം ഫോട്ടോഷോപ്പാണെന്ന് മനസ്സിലാക്കാം. മുസ്ലീം ലീഗ്, യുഡിഎഫ് അനുകൂല പോസ്റ്റുകളാണ് അബ്ജുള്‍ ലത്തീഫിന്റെ പേജില്‍ കൂടുതലായും പങ്കുവെച്ചിരിക്കുന്നത്. നേരത്തെ എം കെ മുനീറിന്റെ ചിത്രവും പേജിന്റെ പ്രൊഫൈല്‍ ചിത്രമായി വെച്ചിരുന്നു.

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫിന് കോയമ്പത്തൂരില്‍ നിന്നാണ് പൊലിസ് പിടികൂടിയത്.

STORY HIGHLIGHTS: Bineesh Kodiyeri files case against Abdul Latheef arrested in alleged fake private video of LDF candidate Dr Jo Joseph

Next Story