Top

'അട്ടപ്പാടിക്ക് പൊതുവായും ഊരുകള്‍ക്ക് പ്രത്യേകമായും മാസ്റ്റര്‍പ്ലാന്‍ വേണം'; മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

30 Nov 2021 2:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടിക്ക് പൊതുവായും ഊരുകള്‍ക്ക് പ്രത്യേകമായും മാസ്റ്റര്‍പ്ലാന്‍ വേണം; മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി
X

തുടര്‍ച്ചയായി നവജാത ശിശു മരണം സംഭവിക്കുന്ന അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ അക്കമിട്ട നിരത്തി മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അട്ടപ്പാടി സന്ദര്‍ശനത്തിന് പിന്നാലെയാണ് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കൂടിയായ കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്. സന്ദര്‍ശനത്തില്‍ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിന് വേണ്ട അടിയന്തര ഇടപെടലുകളും ശുപാര്‍ശയിലുണ്ട്.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണംമെന്നതാണ് ശുപാര്‍ശയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിനായി കൂടുതല്‍ ഫണ്ട് നീക്കിവയ്ക്കണം. സ്റ്റാഫുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നും മന്ത്രി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയില്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിന് പട്ടിക വര്‍ഗവകുപ്പ് പണം നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആദിവാസി ഊരുകളിലെ പ്രധാന പ്രശ്‌നം മദ്യ ലഹരി ഉപയോഗത്തിന്റെ വര്‍ധനയാണ്. ഇത് തടയാണ്‍ എക്‌സൈസിന്റെ കര്‍ശന ഇടപെടല്‍ വേണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അട്ടപ്പാടിക്ക് പൊതുവായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ആദിവാസി ഊരുകള്‍ക്ക് പ്രത്യേക മാസ്റ്റര്‍ പ്ലാനും വേണം.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കണം. സമൂഹ അടുക്കള നടത്തിപ്പിന്റെ കുടിശ്ശിക നല്‍കണം എന്നിങ്ങനെ പത്തോളം നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഞ്ച് കുട്ടികളും ഒരു അമ്മയുടെ മരണത്തിന് കീഴടങ്ങിയതോടെയാണ് അട്ടപ്പാടി വീണ്ടും കേരളത്തിന്റെ നോവായി മാറിയത്. വിഷയത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറിനെതിരെ രംഗത്ത് എത്തിയതോടെയാണ് ഇടപെടലുകളുടെ വേഗം വര്‍ധിച്ചത്. പിന്നാലെയാണ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നത തല സംഘം അട്ടപ്പാടിയിലെത്തിയത്.

പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമാണ് അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. അട്ടപ്പാടിയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. സിക്കിള്‍ സെല്‍ അനീമിയ എന്ന അരിവാള്‍ രോഗ ബാധിതരും നിരവധിയാണ് അട്ടപ്പാടിയിലെ ഊരുകളില്‍. 2013 ല്‍ 47 നവജാതശിശുക്കളെ ആയിരുന്നു അട്ടപ്പാടിക്ക് നഷ്ടമായത്. പിന്നീടുള്ള കഴിഞ്ഞ 8 വര്‍ഷം പ്രതിസന്ധി മറികടക്കാന്‍ വലിയ തോതില്‍ ഫണ്ടും അട്ടപ്പാടിയിലെത്തി. എന്നാല്‍ ഇക്കാലയളവിലും 121 കുട്ടികളും അട്ടപാടിയില്‍ മരണത്തിന് കീഴടങ്ങിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.



Next Story

Popular Stories