Top

'കോണ്‍ഗ്രസ് വിടില്ല, എന്നാല്‍ അന്ന് വര്‍ക്ക് എത്തിക്‌സ് ഉള്ളൊരു ടീം ഉണ്ടായിരുന്നു'; വിമര്‍ശനം ആവര്‍ത്തിച്ച് അനില്‍

2019 ല്‍ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും പറഞ്ഞത് പ്രകാരമാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

25 Jan 2023 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് വിടില്ല, എന്നാല്‍ അന്ന് വര്‍ക്ക് എത്തിക്‌സ് ഉള്ളൊരു ടീം ഉണ്ടായിരുന്നു; വിമര്‍ശനം ആവര്‍ത്തിച്ച് അനില്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടില്ലെന്ന് അനില്‍ കെ ആന്റണി. ഇന്നത്തെ സാഹചര്യത്തില്‍ മറ്റ് പദവികളൊന്നും ഏറ്റെടുക്കില്ലെന്നും അദ്ദേഹം രാജി നടപടിയോട് പ്രതികരിച്ചു. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് ശേഷം, കഴിഞ്ഞ 24 മണിക്കൂറില്‍ സംഭവിച്ചത് വേദനാജകമായ കാര്യമാണ്. അതിനാല്‍ രാജിവെക്കുന്നതാണ് പാര്‍ട്ടിക്കും തനിക്കും ഉചിതമെന്ന് ബോധ്യപ്പെട്ടെന്നും അനില്‍ കെ ആന്റണി പറഞ്ഞു.

2019 ല്‍ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും പറഞ്ഞത് പ്രകാരമാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അന്ന് വര്‍ക്ക് എത്തിക്‌സ് ഉള്ളവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ഇങ്ങനത്തെ രീതിയില്‍ അധഃപതിച്ചുപോയതില്‍ വിഷമമുണ്ട്. ആരേയും വ്യക്തിപരമായി കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അനില്‍ കെ ആന്റണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

അനില്‍ ആന്റണിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-

രാജിക്ക് പലകാര്യങ്ങളുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങള്‍ വേദനാജനകമാണ്. ശരിയായ പ്രവണതയായിട്ട് തോന്നിയിട്ടില്ല. ആ സാഹചര്യത്തില്‍ ഞാന്‍ രാജിവെക്കുന്നതാണ് പാര്‍ട്ടിക്കും എനിക്കും നല്ലതെന്ന ഉചിതമായ ബോധ്യമുള്ളതിനാലാണ് രാജിവെച്ചത്.

ഇന്നത്തെ വ്യക്തിപരമായി ഞാന്‍ ആരേയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. 2017 ലാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഗുജറാത്തിലായിരുന്നു അത്. 2019 ല്‍ മുല്ലപ്പള്ളി രാമചന്ദ്രനും തരൂരും പറഞ്ഞത് കാരണമാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആ സമയത്ത് വര്‍ക്ക് എത്തിക്‌സ് ഉള്ളൊരു ടീം ഉണ്ടായിരുന്നു. ഇന്ന് കോണ്‍ഗ്രസ് ഇങ്ങനത്തെ രീതിയില്‍ അധഃപതിച്ചുപോയതില്‍ വിഷമമുണ്ട്.

ഇന്നലെ വളരെ നൂട്രലായ പരാമര്‍ശം നടത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോളിസിക്കോ നയത്തിനോ വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ട് പോലും...രാജ്യത്തിന്റെ പരമാധികാരത്തിന് മുകളില്‍ മറ്റൊന്നും വരാന്‍ പാടില്ലന്നേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ അത് കഴിഞ്ഞ് ട്വീറ്റ് പിന്‍വലിക്കാന്‍ പറഞ്ഞ് നിരവധിപേരാണ് എന്നെ വിളിച്ചത്. തിരുത്തണമെന്നും പറഞ്ഞു. അത് സാധ്യമല്ലെന്ന് പറഞ്ഞു. അതിന് ശേഷം 8 മണി തൊട്ട് അസഭ്യവര്‍ഷമാണ് ഫേസ്ബുക്ക് പേജില്‍. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന എനിക്ക് ഇത്തരത്തില്‍ ഒരു അന്തരീക്ഷത്തില്‍ വര്‍ക്ക് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

എഐസിസി നേതൃത്വത്തിനും കെപിസിസി നേതൃത്വത്തിനും രാജികൊടുത്തിട്ടുണ്ട്. പാര്‍ട്ടി വിടില്ല. ഇന്നത്തെ സാഹചര്യത്തില്‍ പദവി ഏറ്റെടുക്കില്ല. കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണം മാത്രമല്ല, മറ്റ് ചില വിഷയങ്ങള്‍കൂടിയുണ്ട്.

Story Highlights: anil k antony will not resign from congress

Next Story