കൽപ്പറ്റ: വയനാട് ദുരന്ത മേഖലയിൽ നാളെ രാവിലെ എട്ട് മണി മുതല് ജനകീയ തിരച്ചില് നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്. പ്രദേശത്തെ ജനങ്ങളെയും കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളെയും ഒപ്പം ചേർത്താണ് തിരച്ചിൽ നടത്തുക. റിപ്പോര്ട്ടർ ടിവിയും ഒപ്പം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു. ആര്മി ഉള്പ്പെടെയുള്ള എല്ലാ സേനാഗങ്ങളും തിരച്ചിലിനുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ തിരച്ചിലാണ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
ഞങ്ങളുടെ വീടിനടുത്ത് തിഞ്ഞില്ലെന്ന് മാനസികമായി പ്രയാസമുള്ള പ്രദേശത്തെ മുഴുവന് ആളുകള്ക്കും അങ്ങോട്ട് എത്താനുള്ള അവസരം നല്കുമെന്ന് മന്ത്രി പറഞ്ഞു. 'ക്യാമ്പുകളിലുള്ള ആളുകള്ക്ക് അങ്ങോട്ട് പോകണമെന്ന് പറഞ്ഞാല് പ്രത്യേക വാഹനങ്ങള് തയ്യാറാക്കി കൊണ്ടുപോകും. അങ്ങോട്ട് കൊണ്ടുപോകുമ്പോൾ സർക്കാരിൻ്റെ പൂര്ണ്ണ സുരക്ഷയുണ്ടാകും. കാരണം അവിടെ ചെന്ന് വൈകാരികമായി ഏതെങ്കിലും വിധത്തില് അപകടമുണ്ടായാല് അത് പ്രയാസകരമായ കാര്യമാകും. അതിനാൽ ആംബുലന്സ്, ഭക്ഷണം, വെള്ളം എല്ലാ സജ്ജീകരിച്ചായിരിക്കും കൊണ്ടുപോവുക. ഇനി പോകെണ്ട ആളുകളെ കൂടി കൊണ്ടുപോകും. എന്റെ മുന്നിലുള്ള ഈ സ്ഥലത്ത് തിരഞ്ഞാല് കിട്ടുമായിരിക്കും എന്നുപറയുന്നവരെ, ഈ വീടൊന്ന് പൊളിച്ച് നോക്കണം എന്നുപറയുന്നവരെ പൂര്ണ്ണമായും കൊണ്ടുപോകും. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വളരെ കൃത്യതയോടു കൂടിയ ജനകീയ തിരച്ചിലാണ് നടത്തുക', മന്ത്രി കെ രാജൻ പറഞ്ഞു.
നാളെ നടക്കുന്ന ജനകീയ തിരച്ചിലില് പുറത്തുനിന്നും ആളുകള് വരരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സേനയെയും അതിലേക്ക് പോകേണ്ട സഹായികളേയും തീരുമാനിച്ചിട്ടുണ്ട്. പുറത്ത് നിന്ന് ആളുകള് വന്നാല് വലിയ നമ്പറാകും. അകത്ത് ഇത് കാണേണ്ടതും അന്വേഷിക്കേണ്ടതുമായ ആളുകളെ വെച്ച് ഒരു പോയിൻ്റും വിടാത്ത തരത്തില് സമഗ്രമായ അന്വേഷണമാണ് നടത്തുക. അന്വേഷണത്തിന്റെ പ്രത്യേക ഘട്ടമാണ് നാളെ നടക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.