'പാണക്കാട് കുടുംബം ഇല്ലാതെ കേരളത്തിൽ ഒരു സമസ്തയുമില്ല'; നിലപാട് കടുപ്പിച്ച് പിഎംഎ സലാം

ലീഗിനോട് നേരിട്ട് ഏറ്റുമുട്ടി വിജയിക്കാൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്നും പിഎംഎ സലാം
'പാണക്കാട് കുടുംബം ഇല്ലാതെ കേരളത്തിൽ ഒരു സമസ്തയുമില്ല';  നിലപാട് കടുപ്പിച്ച്  പിഎംഎ സലാം

മലപ്പുറം: സമസ്തയുമായുള്ള തർക്കത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. പാണക്കാട് കുടുംബം ഇല്ലാതെ കേരളത്തിൽ ഒരു സമസ്തയുമില്ല. പാണക്കാട് കുടുംബത്തെ മാറ്റിനിർത്തി ഒരു സംഘടനെയെക്കുറിച്ചും കേരളീയ മുസ്ലിം സമൂഹം ചിന്തിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്നും പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു. ഉമർ ഫൈസി മുക്കത്തിനെതിരയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. എം വി ജയരാജൻ മുക്കത്തെ മുസ്ലിയാരുടെ വീട്ടിൽ വന്നു. നന്ദി പറയാൻ വന്നതാണെന്ന് മുസ്ലിയാർ പറഞ്ഞു. ജയരാജനെ സഹായിച്ചതിന് നന്ദി പറയാനാണ് അദ്ദേഹം വന്നത്. എന്നിട്ട് മുസ്ലിയാരുടെ സഹായത്തോടെ കണ്ണൂരിൽ എം വി ജയരാജൻ പരാജയപ്പെട്ടുവെന്ന് പിഎംഎ സലാം പരിഹസിച്ചു.

സുധാകരന് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടി. ലീഗിന്റെ സ്ഥാനാർത്ഥികളെ അദ്ദേഹം സഹായിക്കാതിരുന്നത് വളരെ നന്നായി. ഇതുപോലെ സഹായം അദ്ദേഹം പൊന്നാനിയിലും കൊടുത്തിട്ടുണ്ടാവും. അതുകൊണ്ടാണ് അവിടെ ലീഗ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്നും സലാം പറഞ്ഞു. 'കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയാണ് സമസ്ത. പാണക്കാട് കുടുംബം ഇല്ലാതെ കേരളത്തിൽ ഒരു സമസ്തയുമില്ല. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃത്വം പാണക്കാട് കുടുംബമാണ്. കേരളീയ മുസ്ലിം സമൂഹം പാണക്കാട് കുടുംബത്തെ മാറ്റി നിർത്തി ഒരു സംഘടനെയെക്കുറിച്ചും ചിന്തിക്കില്ല എന്നതാണ് തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്. ലീഗിന് ഭീഷണിയുണ്ടെന്ന പ്രചാരണം ഉണ്ടായ ഘട്ടത്തിലൊക്കെ ലീഗ് കരുത്തോടെ നിന്നു. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. അതിനെ വിളിച്ചുണർത്തരുത്', അദ്ദേഹം കൂട്ടിച്ചേർത്തു.

പൊന്നാനിയിൽ എല്ലാ കാലത്തും മേലങ്കി അണിഞ്ഞു വന്നവർ പരാജയപ്പെട്ടു. ലീഗിനോട് നേരിട്ട് ഏറ്റുമുട്ടി വിജയിക്കാൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.

അതേസമയം, സമസ്ത-ലീഗ് തർക്കത്തിലെ ഒത്തുതീർപ്പിന് ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്‍റെ പ്രതികരണം. ലീഗിൽ തിരുത്തൽ വേണം. ലീഗിൽ അതിനുള്ള ശ്രമം തുടങ്ങിയെന്നാണ് വർത്തമാനത്തിൽ നിന്ന് മനസിലാകുന്നത്. സിപിഐഎമ്മിന് വോട്ടുചെയ്യാൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ മുന്നണി ജയിക്കണമെന്നാണ് പറഞ്ഞത്. സിപിഐഎമ്മും കോൺഗ്രസും ഇൻഡ്യമുന്നണിയിലുണ്ട്. സമസ്ത തിരഞ്ഞെടുപ്പിൽ ഇടപെട്ടില്ലെന്നും ഉമർ ഫൈസി മുക്കം ആവര്‍ത്തിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com