

നാഗ്പൂര്‍: മതംമാറ്റം ആരോപിച്ച് മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയുമടക്കം ആറുപേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അത്യന്തം അസ്വസ്ഥത ഉളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജബല്‍പൂരില്‍ കണ്ടതിന് സമാനമായി ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ ഒരു രീതിയാണിതെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
'നാഗ്പൂരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരു മലയാളി ക്രിസ്ത്യന്‍ പുരോഹിതനെയുംകുടുംബത്തെയും സഹായികളെയും അറസ്റ്റ് ചെയ്തത് അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. മുന്‍പ് ജബല്‍പൂരില്‍ കണ്ടതുപോലെ, ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ ഒരു രീതിയാണിത്. ഇത്തരം നടപടികള്‍ ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു', മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
Deeply disturbing that a Malayali Christian priest, his family and aides were arrested in Nagpur on allegations of forced conversion. This follows a worrying pattern followed by Sangh Parivar, of targeting minorities to fuel polarisation, as seen earlier in Jabalpur. Such actions…
— Pinarayi Vijayan (@pinarayivijayan) December 31, 2025
സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍, മറ്റു നാലുപേര്‍ എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഷിംഗോഡിയിലാണ് സംഭവം. ഇന്നലെ രാത്രി എട്ടുമണിയോടെ പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസ് പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടെയാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഫാ. സുധീര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സിഎസ്‌ഐ ദക്ഷിണ മേഖലാ മഹായിടവക അറിയിച്ചു.
Content Highlights: c m pinarayi vijayan Reaction Over Malayali Priest Arrest