കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞു; ഓണ്‍ലൈന്‍ തട്ടിപ്പ്,കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് വന്‍തുക

ഓണ്‍ലൈനായി ലഭിച്ച ലിങ്കിലൂടെ ഡീലര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരനെ ഇ മെയില്‍ വഴി കമ്പനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്
കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞു; ഓണ്‍ലൈന്‍ തട്ടിപ്പ്,കണ്ണൂര്‍  സ്വദേശിക്ക് നഷ്ടമായത് വന്‍തുക

കണ്ണൂര്‍: റിലയന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാമ്പ കോളയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് മയ്യില്‍ സ്വദേശിയില്‍ നിന്ന് 12,45,925 രൂപ തട്ടിയെടുത്തതായി പരാതി. ഇതിനായി ഓണ്‍ലൈനായി ലഭിച്ച ലിങ്കിലൂടെ ഡീലര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരനെ ഇ മെയില്‍ വഴി കമ്പനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ശേഖരിച്ചാണ് പണം തട്ടിയത് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ, ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ ഗാര്‍മെന്റ്‌സ്‌ കമ്പനിയില്‍ നിന്ന് ഡ്രസ് ഐറ്റം പര്‍ച്ചേസ് ചെയ്ത മട്ടന്നൂര്‍ സ്വദേശിക്ക് 5200 രൂപ നഷ്ടപ്പെട്ടിരുന്നു. 17231 രൂപയുടെ പര്‍ച്ചേസിന് 5200 രൂപ അഡ്വാന്‍സും ബാക്കി തുക ക്യാഷ് ഓണ്‍ ഡെലിവറി ആയും നല്‍കിയാല്‍ മതിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സൈബര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ വേറെ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ക്ക് വന്‍ തുക നഷ്ടപ്പെട്ടിരുന്നു. മുംബൈ പൊലീസെന്നും ലണ്ടനില്‍ നിന്നുള്ള ഡോക്ടറെന്നും സ്വയം പരിചയപ്പെടുത്തിയാണ് സൈബര്‍ തട്ടിപ്പ് നടത്തിയത്. രണ്ട് സംഭവങ്ങളിലായി രണ്ടു പേര്‍ക്ക് നഷ്ടമായത് നാലര ലക്ഷത്തോളം രൂപയാണ്.

തട്ടിപ്പിനിരയായവര്‍ക്ക് 1930 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം..........

ഇന്‍സ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിച്ച് പണം തട്ടുന്ന സംഘം സജീവമാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണം. കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് വിളിച്ച് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ കയറാന്‍ ആവശ്യപ്പടുകയോ ചെയ്താല്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത്.

വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം നല്‍കരുത്. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച് പരാതികള്‍ അറിയിക്കണം. അല്ലെകില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കണമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com