സൈബര്‍ ആക്രമണം; പരാതി നല്‍കി ആര്യാ രാജേന്ദ്രന്‍

പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്
സൈബര്‍ ആക്രമണം; പരാതി നല്‍കി ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ആര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം തുടരുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്.

ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുക്കാത്തതിന് വാഹനം കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം തുടങ്ങിയത്.

അതേസമയം, കെഎസ്ആർടിസി ഡ്രൈവറുമായുള്ള മേയറുടെ തർക്കം തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലും വാക്കേറ്റത്തിന് കാരണമായിരുന്നു. ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് കൗൺസിൽ യോഗത്തിൽ ഉണ്ടായത്. യോഗത്തിൽ വൈകാരികമായി മറുപടി നൽകിയ മേയർ ആര്യ രാജേന്ദ്രൻ, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി. താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് താനും കുടുംബവും നേരിടുന്നത്. ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ല. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.

സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചത്. നിയമനടപടി തുടരും. സത്യാവസ്ഥ പുറത്തു വരും. പ്രതികരിക്കുന്നതിന് മുമ്പേ മന്ത്രിയെയും പൊലീസിനെയും വിവരം അറിയിച്ചുവെന്നും മേയര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com