മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷക്ക് നിര്‍ദേശം

മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷക്ക് നിര്‍ദേശം

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ , എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരുടെ വീടിന് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷക്ക് നിര്‍ദേശം. തിരുവനന്തപുരം കമ്മീഷണറുടേതാണ് ഉത്തരവ്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചവര്‍ക്ക് നേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ , എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരുടെ വീടിന് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകവെ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റിയിരുന്നു. മറ്റൊരു ക്രമസമാധാന പ്രശ്‌നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്.

പൊലീസുകാര്‍ പിടിച്ചുവച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ അരൂര്‍ എസ്‌ഐയെ പിടിച്ച് തള്ളിയതിന് ശേഷം അനില്‍ കല്ലിയൂരാണ് ക്രൂരമായ മര്‍ദ്ദനം ആദ്യം അഴിച്ച് വിടുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ നിലത്തുവീണു പോയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ പ്രതിഷേധം വ്യാപകമായിരുന്നു.

വ്യഴാഴ്ച മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതിയാണെന്ന് ചോദിച്ച കെ സി വേണുഗോപാല്‍ തല്ലുന്നതിന് പൊലീസ് കാവല്‍ നില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാര്‍ ഓര്‍മ്മിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.

logo
Reporter Live
www.reporterlive.com