മുഖ്യമന്ത്രിയുടെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്ര: സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍? നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കര്‍ണാടകയിലെ കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്

മുഖ്യമന്ത്രിയുടെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്ര: സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍? നിര്‍ണായക വിവരങ്ങള്‍ പുറത്ത്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്. യാത്രയുടെ സ്‌പോണ്‍സര്‍ ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷനാണെന്നാണ് സൂചന. കര്‍ണാടകയിലെ കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. ചാര്‍ട്ടേഡ് വിമാനത്തിനായി എ വി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന് ചിപ്‌സണ്‍ നല്‍കിയത് 19,88,595 രൂപയാണ്. അതില്‍ 8,42,000 രൂപ മുന്‍കൂര്‍ കൈമാറി.

കര്‍ണാടകയിലെ ജിന്‍ഡാല്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ജിന്‍ഡാലില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ഇതിനായി ഒരു മണിക്കൂര്‍ 27 മിനിറ്റാണ് പറന്നത്. തിരുവനന്തപുരത്ത് നിന്ന് 2.17നായിരുന്നു കരിപ്പൂരിലേക്കുള്ള ടേക്ക്ഓഫ്. 3.07ന് കരിപ്പൂരില്‍ എത്തി. ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത് രാത്രി 7.35നാണ്. രാത്രി 8.18ന് തിരുവനന്തപുരത്ത് ഇറങ്ങി. വിമാനം ആകെ ഉപയോഗിച്ചിരിക്കുന്നത് 8 മണിക്കൂര്‍ 42 മിനിറ്റാണ്. വിമാനം പറന്ന സമയം 4 മണിക്കൂര്‍ 22 മിനിറ്റ്. ഓരോ മണിക്കൂറിനും 2.7 ലക്ഷം വരെയാണ് വിമാനത്തിന്റെ വാടക. മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയുടെ കുറഞ്ഞ ചെലവ് 14 ലക്ഷം രൂപയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയാണ് ചിപ്‌സണ്‍ ഏവിയേഷന്‍. ചാര്‍ട്ടേഡ് വിമാനയാത്രാ കരാറിനായി ചിപ്‌സണ്‍ ഏവിയേഷന്റെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ സൗജന്യ ചാര്‍ട്ടേഡ് വിമാനയാത്രാ കരാര്‍ പുതുക്കി നല്‍കാനുള്ള ചിപ്‌സണ്‍ കമ്പനിയുടെ പാരിതോഷികമാണോ മുഖ്യമന്ത്രിക്ക് നല്‍കിയ സൗജന്യം എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Also Read:

മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ യാത്ര. ചാര്‍ട്ടേഡ് ഫ്ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്പോണ്‍സര്‍ ആരാണെന്നുള്ള ചോദ്യമാണ് ഉയര്‍ന്നത്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. എന്തിന്റെയെങ്കിലും പ്രതിഫലമായാണോ ലക്ഷങ്ങള്‍ യാത്രാചെലവുള്ള ചാര്‍ട്ടേഡ് വിമാനം മുഖ്യമന്ത്രിക്ക് സ്‌പോണ്‍സര്‍ നല്‍കിയത് എന്നതടക്കമായിരുന്നു വിമര്‍ശനങ്ങള്‍.

Content Highlights: Crucial details have emerged about the Chief Minister’s controversial chartered flight, with reports suggesting Chipson Aviation, the helicopter contract company, sponsored the trip.

dot image
To advertise here,contact us
dot image