

ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചു. ഏഴ് ഫാസ്റ്റ് ബൗളര്‍മാര്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഹോം സീസണിലെ ബ്ലാക്ക്ക്യാപ്സിന്റെ ആദ്യ ടീം. സ്വന്തം നാട്ടില്‍ നടക്കുന്ന ഈ പരമ്പരയില്‍ വൈറ്റ്-ബോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് ന്യൂസീലന്‍ഡിനെ നയിക്കുന്നത്. ഒക്ടോബര്‍ 22-ന് ക്രിസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ ആരംഭിക്കുന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ 11 ദിവസങ്ങളിലായി നാല് നഗരങ്ങളില്‍ വെച്ച് നടക്കും.
ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിന്റെ ഭാഗമാണ് ഈ ട്വന്റി-20 പരമ്പര. 5 ഏകദിനങ്ങളും 2 ടെസ്റ്റുകളും 5 ട്വന്റി-20 മത്സരങ്ങളും അടങ്ങുന്ന 12 മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യ ന്യൂസീലന്‍ഡിലെത്തും. ആദ്യ മത്സരത്തിന് ഒരു മാസം മുമ്പ് തന്നെ 76,000-ത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി ന്യൂസീലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു.
ഈ വര്‍ഷം നടന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ന്യൂസീലന്‍ഡ് ടീമിലെ 13 കളിക്കാര്‍ ഈ ടീമിലും ഇടം നേടിയിട്ടുണ്ട്. പരിക്കുമൂലം ലോകകപ്പ് നഷ്ടമായ സ്പിന്‍ ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലും പേസര്‍ ആദം മില്‍നെ തങ്ങളുടെ തിരിച്ചുവരവ് കുറിച്ചു. 34-കാരനായ മില്‍നെ 243 ട്വന്റി-20 മത്സരങ്ങള്‍ (56 അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ) കളിച്ചിട്ടുണ്ട്. സിംബാബ്വെയ്ക്കെതിരെ കളിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് മില്‍നെ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി എന്നീ അനുഭവസമ്പന്നര്‍ക്കൊപ്പം യുവതാരങ്ങളായ സാക്ക് ഫോള്‍ക്സ്, നഥാന്‍ സ്മിത്ത് എന്നിവരും പേസ് നിരയിലുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ച പ്രൊമോഷണല്‍ ഷൂട്ടിംഗിനിടെ വലത് തോളിന് പരിക്കേറ്റ ബാറ്റിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയെ ട്വന്റി-20 പരമ്പരയില്‍ നിന്ന് ഒഴിവാക്കി. അദ്ദേഹം സുഖം പ്രാപിക്കാന്‍ ഏകദേശം ആറ് ആഴ്ചയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 4-ന് ഓക്ക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലൂടെ തിരിച്ചെത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. വെടിക്കെട്ട് ഓപ്പണര്‍മാരായ ടിം സീഫെര്‍ട്ടും ഫിന്‍ അലനും ട്വന്റി-20 ലോകകപ്പിന് ശേഷം വീണ്ടും ഒരുമിച്ച് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അലന്‍ 33 പന്തില്‍ പുറത്താകാതെ സെഞ്ചുറി നേടിയിരുന്നു. 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റില്‍ 168 സ്‌ട്രൈക്ക് റേറ്റില്‍ 394 റണ്‍സ് നേടി ടൂര്‍ണമെന്റിലെ താരമായി സീഫെര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തി നേടിവരുന്ന പേസര്‍ ബെന്‍ സിയേഴ്‌സിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ന്യൂസിലാന്‍ഡ് ട്വന്റി-20 ടീം
മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, സാക്ക് ഫോള്‍ക്സ്, മാറ്റ് ഹെന്റി, ബെവോണ്‍ ജേക്കബ്‌സ്, കൈല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, നഥാന്‍ സ്മിത്ത്.
content highlights: Mitchell Santner to Lead: New Zealand Announces T20I Squad Against India