
കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷെബിനയുടെ ഭർത്താവിൻ്റെ അമ്മാവൻ അറസ്റ്റിൽ. എടച്ചേരി പൊലീസാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, മർദ്ദനം, ആത്മഹത്യാപ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.
ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; ഗാർഹിക പീഡനം കാരണമെന്ന് പരാതിഭർതൃമാതാവിൻ്റെയും ഭർതൃ സഹോദരിയുടെയും നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബം എടച്ചേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ഭർതൃവീട്ടിൽ വച്ച് ഷെബിനയെ ഭർത്താവിൻ്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു. 2010-ലാണ് ഷെബിനയുടെ വിവാഹം നടന്നത്. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്നാൾ ആണ് ഷെബിന ഭർതൃ വീട്ടിലെത്തിയത്.