
കോഴിക്കോട്: ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോർഡിനേറ്റർ മൻസൂർ അലി രാജിവെച്ചു. സംവിധായകൻ ജിയോ ബേബിയുടെ പരിപാടി റദ്ദ് ചെയ്ത സാഹചര്യത്തിലാണ് രാജി. സിനിമാ പ്രവർത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളർന്നിട്ടില്ലെന്നത് സങ്കടകരമെന്ന് വിശദീകരിച്ചാണ് അധ്യാപകൻ ഫിലിം ക്ലബ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് രാജിവച്ചത്.
കോളജിനെതിരെ സംവിധായകൻ ജിയോ ബേബി തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ധാർമിക മൂല്യങ്ങളാണ് പരിപാടി റദ്ദാക്കാൻ കാരണമെന്നാണ് സ്റ്റുഡൻ്റ്സ് യൂണിയൻ പറഞ്ഞത് എന്നാണ് ജിയോ ബേബി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. ഈ പ്രവര്ത്തിയിലൂടെ താന് അപമാനിക്കപ്പെട്ടെന്ന് ജിയോ ബേബി പറഞ്ഞു.
പരിപാടി റദ്ദാക്കിയത് മുൻകൂട്ടിയറിയാതെ താന് കോഴിക്കോട് വരെ എത്തി. കാരണം ചോദിച്ച് പ്രിൻസിപ്പലിന് മെയിൽ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാർത്ഥി യൂണിയന്റെ കത്ത് മാത്രമാണ് ലഭിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി. വിഷയത്തെ നിയമപരമായി നേരിടുമെന്നും ജിയോ ബേബി പറഞ്ഞു.
'എന്റെ ധാർമ്മിക മൂല്യങ്ങൾ പ്രശ്നമാണെന്ന്, ഞാൻ അപമാനിതനായി'; ഫറൂഖ് കോളേജിനെതിരെ ജിയോ ബേബിജിയോ ബേബി വീഡിയോയിലൂടെ പറഞ്ഞത്
ഡിസംബർ അഞ്ചിന് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്നെ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തീയതി ഞാൻ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാൻ അറിയുന്നത് ഈ പരിപാടി അവർ ക്യാൻസൽ ചെയ്തുവെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. അവർക്കും വളരെ വേദന ഉണ്ടായെന്നും പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ, വ്യക്തമായൊന്നും പറഞ്ഞില്ല.
സോഷ്യൽ മീഡിയയിൽ പരിപാടിയുടെ വരെ പോസ്റ്റർ റിലീസ് ചെയ്തതാണ്. ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് കാരണം ചോദിച്ച് ഞാൻ പ്രിൻസിപ്പലിന് മെയിൽ ആയച്ചു. വാട്സാപ്പിലും മെസേജ് ചെയ്തു. ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് ഫറൂഖ് കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ ഒരു കത്ത് ലഭിച്ചു. അതിൽ എഴുതിയിരിക്കുന്നത്,
"ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല",