
തൃശ്ശൂർ: നാടിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്കൊപ്പം നിൽക്കാൻ ഇന്നോളം യുഡിഎഫ് തയ്യാറായിട്ടില്ലെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും നടപ്പിലാകുമ്പോൾ ഒപ്പം നിൽക്കുകയല്ലേ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സദസ്സിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രതിപക്ഷത്തോട് നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 'സർക്കാർ കൊണ്ടു വന്ന മാറ്റങ്ങൾ ഇല്ലായിരുന്നെങ്കിൽ കേരളം എവിടെ എത്തുമായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യ രംഗത്തിന്റെയും അവസ്ഥ എന്താകുമായിരുന്നു. കൊവിഡ് കാലത്തെ അവസ്ഥ എന്താകുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ നില തുടർന്നിരുന്നെങ്കിൽ കേരളത്തിന്റെ ഗതി എന്താകുമായിരുന്നു'; മുഖ്യമന്ത്രി ചോദിച്ചു.
യുഡിഎഫ് അധികാര സ്വപ്നങ്ങളിൽ കുടുങ്ങിയെന്ന് കുറ്റപ്പെടുത്തിയ പിണറായി വിജയൻ അതിന്റെ ഭാഗമായി ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ മറന്നുവെന്നും ചൂണ്ടിക്കാണിച്ചു. പ്രവാസികൾക്ക് കേരളത്തെ പറ്റിയുള്ള സ്വപ്നങ്ങളും ആശങ്കകളും പങ്കുവെക്കാനുള്ള വേദിയായിരുന്നു ലോക കേരള സഭ. അതിനെയും യുഡിഎഫ് ബഹിഷ്കരിച്ചു. കേരളീയം പരിപാടി വന്നപ്പോൾ അതും ബഹിഷ്കരിച്ചു. എന്താണ് യുഡിഎഫിന്റെ മാനസിക നിലയെന്നും മുഖ്യമന്ത്രി ചോദിച്ചു.