
തിരുവനന്തപുരം: കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഇതര പാർട്ടികളിൽ നിന്ന് വന്ന നല്ല കേഡർമാരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും ധാരണയായി.
2021 സെപ്തംബർ മാസത്തിലായിരുന്നു കെ പി അനിൽ കുമാർ കോൺഗ്രസ് വിട്ട് സിപിഐഎമ്മിൻ്റെ ഭാഗമായത്. കെപിസിസി നേതൃത്വം പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച ഘട്ടത്തിൽ എഐസിസിക്കെതിരെ ചാനൽ ചർച്ചയിൽ പരസ്യ വിമർശനം നടത്തിയതിനായിരുന്നു കെ പി അനിൽ കുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ കെപിസിസി സംഘടനാ ചുമതലയുണ്ടായിരുന്ന അനിൽ കുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുകയായിരുന്നു. ഇതിന് പിന്നാലെ സിപിഐഎം കെ പി അനിൽകുമാറിനെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി നിയോഗിച്ചിരുന്നു.
പൊതുമേഖല സ്ഥാപനമായ ഓവര്സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന് കണ്സള്ട്ടന്സ് ലിമിറ്റഡിന്റെ ചെയര്മാനായും അനില് കുമാറിനെ സിപിഐഎം നിയോഗിച്ചിരുന്നു. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായും അനില് കുമാര് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എളമരം കരീം, മുഹമ്മദ് റിയാസ്, ടി പി രാമകൃഷ്ണന് എന്നിവര്ക്കൊപ്പമായിരുന്നു അനില് കുമാറിനെയും രക്ഷാധികാരിയായി തിരഞ്ഞെടുത്തത്.