
പത്തനംതിട്ട: ശബരിമലയിൽ മുറിയെടുക്കാന്‍ ഓൺലൈനായി അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് അയ്യപ്പഭക്തർക്ക് തിരിച്ചുനൽകാതെ ദേവസ്വം ബോർഡ്. വർഷങ്ങളായി മുറി ബുക്ക് ചെയ്ത് പോകുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് കൊടുത്ത പണം തിരിച്ചുകിട്ടാതെ പരാതിയുമായി നടക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തിൽ വ്യക്തമായി. ഉടൻ പണം തിരിച്ചുകൊടുക്കാനുള്ള സംവിധാനമുണ്ടാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെ പ്രതികരണം.
ലക്ഷങ്ങളാണ് ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊടുക്കാനുള്ളത്. സാധാരണ താമസം കഴിഞ്ഞ് മടങ്ങുമ്പോൾ തിരിച്ചുകൊടുക്കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റാണ് ഭക്തർക്ക് തിരിച്ചുകൊടുക്കാതെ പിടിച്ചുവെക്കുന്നത്.
പയ്യന്നൂരിൽ നിന്ന് എല്ലാവർഷവും ശബരിമല ദർശനം നടത്താനെത്തുന്ന സംഘം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു കിട്ടാത്തതില്‍ പരാതി നല്‍കിയിട്ടുണ്ട്. 2016 ൽ ഓൺലൈൻ ബുക്കിങ് തുടങ്ങിയ ശേഷം നേരത്തെ സന്നിധാനത്ത് മുറി ബുക്ക് ചെയ്താണ് പോകുന്നത്. മുറിയുടെ വാടക എത്രയാണോ അത്ര തന്നെ അഡ്വാൻസായും കൊടുക്കണം. സഹ്യാദ്രിയിൽ ഇക്കൊല്ലവും 650 രൂപയ്ക്ക് ഓൺലൈൻ ബുക്കിങ് നടത്തി. 650 മുറി വാടക. 650 രൂപ തന്നെയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റും. ശബരിമല ദർശനം കഴിഞ്ഞിറങ്ങി ദിവസം 10 കഴിഞ്ഞു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇതുവരെ കിട്ടിയില്ല. മുൻ വർഷങ്ങളിലെല്ലാം കിട്ടാത്തത് കൊണ്ട് എക്സിക്യൂട്ടീവ് ഓഫീസർക്ക് സംഘം പരാതി നല്കി.
മുഖ്യമന്ത്രിയുടെ പോർട്ടലിലടക്കം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരടക്കം പരാതി ഉയർത്തുന്നുണ്ട്. പക്ഷേ 2022 ഒക്ടോബർ വരെ എത്ര പേർക്ക് സെക്യൂരിറ്റ് ഡെപ്പോസിറ്റ് ഇനിയും തിരിച്ച് കൊടുക്കാനുണ്ട് എന്ന കണക്ക് വരെ സെക്ഷനില്ല എന്നാണ് കിട്ടുന്ന വിവരം. ആകെ 100 മുറികളാണ് ഓൺലൈൻ വഴി അയ്യപ്പഭക്തർക്ക് ബുക്ക് ചെയ്യാനാവുന്നത്. വർഷത്തിൽ 100 ൽ ഏറെ ദിവസങ്ങളിലും ഈ മുറികളിലെല്ലാം അയ്യപ്പഭക്തർ താമസിക്കാനെത്താറുണ്ട്. അതേ സമയം 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെ മുഴുവനാളുകൾക്കും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുകൊടുത്തെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം.