
മലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് മലപ്പുറത്തെത്തിയപ്പോൾ മുസ്ലിം ലീഗിന് തിരിച്ചടി. മുസ്ലിം ലീഗിൻ്റെ സമുന്ന നേതാവായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് തങ്ങൾ നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തു. വികസനത്തിൻ്റെ കാര്യത്തിൽ വ്യക്തിപരമായി രാഷ്ട്രീയം കാണുന്നില്ലെന്ന് ഹസീബ് തങ്ങൾ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. വികസനകാര്യത്തിൽ സർക്കാരുമായി സഹകരിക്കും. വികസന വിഷയങ്ങൾ പറയാനാണ് നവകേരള സദസ്സിൽ പങ്കെടുത്തത്. തിരൂരിൻ്റെ വിവിധ പ്രശ്നങ്ങൾ അറിയിച്ചുവെന്നും ഹസീബ് തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗ് ഭാരവാഹിയല്ല എന്നാൽ മുസ്ലിം ലീഗുകാരനാണെന്നും ഹസീബ് തങ്ങൾ പ്രതികരിച്ചു. മുസ്ലിം ലീഗിൽ എം കെ മുനീറുമായി ഏറ്റവും അടുപ്പം പുലർത്തുന്ന പാണക്കാട് കുടുംബാംഗമായാണ് ഹസീബ് തങ്ങൾ അറിയപ്പെടുന്നത്.
നവകേരള സദസ്സ് ബഹിഷ്കരിക്കണമെന്നും സഹകരിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നാണ് മുസ്ലിം ലീഗ് നിലപാട്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ സദസ്സിൽ പങ്കെടുത്ത് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. അതിനാൽ തന്നെ നവകേരള സദസ്സിലെ ഹസീബ് തങ്ങളുടെ പ്രാതിനിധ്യം പാണക്കാട് കുടുംബത്തിനും തലവേദനയാകുമെന്നാണ് വിലയിരുത്തൽ.
മലപ്പുറം ജില്ലയിലെ മുതിർന്ന നേതാവും ഡിസിസി അംഗവുമായ സി മൊയ്തീനും നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിൻ്റെ തിരുനാവായ മുൻ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് സി മൊയ്തീൻ. നവകേരള സദസ്സുമായി സഹകരിക്കരുതെന്ന കെപിസിസി നിർദ്ദേശം അവഗണിച്ചാണ് മലപ്പുറത്ത് കോൺഗ്രസിൻ്റെ പ്രധാനനേതാക്കളിൽ ഒരാൾ തന്നെ പങ്കെടുത്തിരിക്കുന്നത്. മുസ്ലിം ലീഗ് നേതാവും താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ഇബ്രാഹിം മാസ്റ്ററും നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തു.
ബഹിഷ്കരണം തള്ളി: കുന്ദമംഗലത്തെ നവകേരള സദസ് പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുത്ത് ലീഗ്-കോൺഗ്രസ് നേതാക്കൾകോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് എന് അബൂബക്കർ മുക്കത്തെ പ്രഭാത സദസില് പങ്കെടുത്തിരുന്നു. മുന്നണി തീരുമാനം ലംഘിച്ച അബൂബക്കറിന്റെ സ്ഥാനം പാര്ട്ടിക്ക് പുറത്താണെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്കുമാര് റിപ്പോര്ട്ടര് ടി വിയോട് വ്യക്തമാക്കിയിരുന്നു. എൻ അബൂബക്കറിനെ പുറത്താക്കിയാൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ കോൺഗ്രസിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
മുസ്ലീംലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈനും കട്ടിപ്പാറ വാർഡ് പ്രസിഡന്റ് മൊയ്തു മുട്ടായിയും താമശ്ശേരിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിൽ യുഡിഎഫ് ബഹിഷ്ക്കരണം തള്ളി പങ്കെടുത്തിരുന്നു. ഇരുവരെയും മുസ്ലിം ലീഗ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന കമ്മറ്റിയാണ് നടപടി എടുത്തത്.
നവ കേരള സദസ്സിൽ പങ്കെടുത്തു; ലീഗ്-കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ