
മലപ്പുറം: നിലമ്പൂരിൽ സ്കൂളിലെ വിദ്യാർത്ഥികളെ നവ കേരള സദസ് പരിപാടിയിൽ പങ്കെടുപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. മലപ്പുറം ഡിഡി, നിലമ്പൂർ ഡിഇഒ എന്നിവർക്ക് നോട്ടീസ് നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. നഗരസഭയുടെ വിളംബര ജാഥയിലാണ് കുട്ടികളെ പങ്കെടുപ്പിച്ചത്.
കഴിഞ്ഞ ദിവസം നവകേരള സദസ് പ്രചാരണത്തിനായി തിരക്കേറിയ റോഡിലിറക്കി വിദ്യാര്ത്ഥിനികളെ നൃത്തം ചെയ്യിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. കോഴിക്കോട് മുക്കം മണാശ്ശേരി ഗവണ്മെന്റ് യുപി സ്കൂളിലെ കുട്ടികളെയാണ് ഉച്ചയ്ക്ക് നൃത്തം ചെയ്യിച്ചത്. അധ്യാപകര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ബാലാവകാശ കമ്മീഷന് പരാതി നല്കിയിരുന്നു.
മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന് തലശ്ശേരി ചമ്പാട് എല്പി സ്കൂള് വിദ്യാര്ത്ഥികളെ വെയിലത്ത് നിര്ത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നും പരാതി ഉയര്ന്നിരുന്നു. ബാലാവകാശ കമ്മീഷന് എംഎസ്എഫ് ആണ് പരാതി നല്കിയത്. ബാലാവകാശ നിയമങ്ങളെ കാറ്റില് പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണിതെന്ന് എംഎസ്എഫ് ആരോപിച്ചു.