
സുൽത്താൻ ബത്തേരി: കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം പിമാർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ പ്രതിപക്ഷത്തിന് 20 ൽ 18 എം പി മാരുണ്ട്. പാർലമെന്റിൽ ശബ്ദമുയർത്തേണ്ടവർ അത് ചെയ്യുന്നില്ല. എം പിമാരുടെ യോഗം ചേർന്നപ്പോൾ സംസ്ഥാന സർക്കാർ കേന്ദ്രധനമന്ത്രിയെ കണ്ട് സംസാരിച്ച് നിവേദനം നൽകാൻ പറഞ്ഞു. ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിവേദനത്തിൽ ഒപ്പിടാൻ പോലും തയ്യാറായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. രാഹുൽ ഗാന്ധി പാർലമെൻ്റിൽ പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന മണ്ഡലം കൂടിയാണ് സുൽത്താൻ ബത്തേരി.
കേന്ദ്ര അവഗണനയിൽ യുഡിഎഫിന് പ്രയാസമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേരളത്തെ അപകീർത്തി പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും മാത്രമാണ് എംപിമാരടക്കമുള്ളവർ ഇത്ര കാലവും ശ്രമിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ബത്തേരി മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ നവകേരള സദസ്സിൽ പങ്കെടുക്കാതിരുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ബത്തേരി എംഎൽഎ നവകേരള സദസ്സിന് അധ്യക്ഷത വഹിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ അവതരിപ്പിക്കാമായിരുന്നല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. നവകേരള സദസ്സ് കള്ളപ്പണത്തിന്റെ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റേത് സംസ്ഥാനത്തിന് നിരക്കാത്ത സംസാരമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വിമർശിച്ചു. ഇത്രയധികം പരാതികൾ വരുന്നത് സർക്കാരിലുള്ള വിശ്വാസം കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
വയനാട്ടിലേയ്ക്കുള്ള തുരങ്കപാതയുടെ നടപടികൾ തുടരുന്നതായി അറിയിച്ച മുഖ്യമന്ത്രി കൊങ്കൺ റെയിൽവേയെ ചുമതല ഏൽപിച്ചതായും വ്യക്തമാക്കി. വനം വകുപ്പിൻ്റെ അനുമതി ലഭിച്ചു കഴിഞ്ഞുവെന്നും രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.