
കാസർകോട്: നവ കേരള സദസ്സിന്റെ ഭാഗമാകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് അടക്കം കാസർകോട് ജില്ലയിൽ എത്തുമ്പോൾ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ രാത്രികാല ചികിത്സയില്ല. രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാർ ഇല്ലാത്തത് കാരണം കാസർഗോഡ് മംഗൽപാടി താലൂക്ക് ആശുപത്രി കഴിഞ്ഞമാസം 30നാണ് രാത്രികാല ചികിത്സ നിർത്തലാക്കിയത്. പ്രതിദിനം 600 അധികം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്.
എട്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാകേണ്ട ആശുപത്രിയിൽ നിലവിലുള്ളത് അഞ്ച് പേർ മാത്രമാണ്. നവംബർ ഒമ്പതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലയിൽ എത്തിയപ്പോൾ ആശുപത്രിയുടെ ദുരവസ്ഥ സൂപ്രണ്ട് നേരിട്ട് പറഞ്ഞിരുന്നു. ദിവസങ്ങൾ പിന്നിട്ട് നവ കേരള സദസ്സിനായി തിടുക്കം കാട്ടുമ്പോൾ ദുരിതത്തിൽ ആയത് നിരവധി രോഗികളാണ്.
നവംബർ 20ന് ഉള്ളിൽ ഡോക്ടർമാർ ജോലിക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി സൂപ്രണ്ട്. രോഗികളുടെ ബുദ്ധിമുട്ട് കാണാതെ നാട്ടിൽ നവ കേരള സദസ്സ് നടത്തേണ്ടതില്ലെന്ന് സർക്കാരിനെതിരെ വിമർശനവും ഉയരുന്നുണ്ട്. മികച്ച ചികിത്സ ലഭിക്കാത്തത് കാരണം മണിക്കൂറുകൾ സഞ്ചരിച്ച് മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കാസർഗോഡ് ജില്ലക്കാർ. നവ കേരള സദസ്സിന് തുടക്കമാകുമ്പോൾ സർക്കാരിന് ലഭിക്കുന്ന ആദ്യ പരാതി ജില്ലയിലെ ആരോഗ്യമേഖലയുടെ ദാരിദ്ര്യം തന്നെയാകും.